കശ്മീരിലെ ബിജെപി നേതാക്കള്‍ ഭീതിയില്‍; ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ചു പേര്‍

പ്രാദേശിക പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് സായുധരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ.

Update: 2020-08-11 16:29 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബിജെപി നേതാക്കള്‍ ഭീതിയില്‍. ഒരു മാസത്തിനിടെ താഴ്‌വരയില്‍ ആറ് പ്രാദേശിക നേതാക്കള്‍ക്കു നേരെ ആക്രമണമുണ്ടായി. സായുധർ നടത്തിയ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു വരുന്നതിനിടെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

ബുദ്ഗാം സ്വദേശിയായ അബ്ദുല്‍ ഹമീദ് നജര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഒബിസി മോർച്ച ബുദ്​ഗാം ജില്ലാ പ്രസിഡന്റായിരുന്നു ഹമീദ് നജർ. പല നേതാക്കളും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്.

ജില്ലാ ആസ്ഥാനങ്ങളില്‍ അറുപതോളം പേരെ ഉള്‍ക്കൊള്ളുന്ന സുരക്ഷിത താമസ കേന്ദ്രങ്ങള്‍ സജ്ജീകരിക്കണമെന്ന് ബിജെപി വാക്താവ് അല്‍താഫ് താക്കൂര്‍ ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മറ്റു നേതാക്കളും ഭരണകൂടത്തെ വിമര്‍ശിക്കുന്നുണ്ട്. സുരക്ഷാ രംഗത്ത് സര്‍ക്കാരിന്റെ അഭാവം പ്രകടമാണ്. ഭീഷണി നേരിടുന്നവര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ഞങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്നും ബിജെപി നേതാവായ സോഫി യൂസഫ് പറഞ്ഞു.

പ്രാദേശിക പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് സായുധരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ. ജൂലൈ എട്ടിന് ബന്ദിപോര ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വസീം ബാരിയാണ് ആദ്യം കൊല്ലപ്പെട്ടത്. അന്നുതന്നെ വസീം ബാരിയുടെ സഹോദരന്‍ ഉമര്‍ ശൈഖും പിതാവ് ബഷീര്‍ ശൈഖും സായുധരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇവരും ബിജെപി പ്രവര്‍ത്തകരായിരുന്നു.

ആ​ഗസ്ത് നാലിന് ആരിഫ് അഹമ്മദ് എന്ന സൗത്ത് കശ്മീരിലുള്ള ബിജെപി പഞ്ചായത്ത് അംഗത്തിന് വെടിയേറ്റു. നിലവില്‍ അതീവ ഗുരതരാവസ്ഥയില്‍ തുടരുകയാണ് ഇയാള്‍. ആ​ഗസ്ത് ആറിന് ബിജെപി നേതാവും സര്‍പഞ്ചുമായ സജ്ജാദ് ഖാണ്ഡെ കൊല്ലപ്പെട്ടു. ആ​ഗസ്ത് ഒമ്പതിനാണ് ബിജെപി ഒബിസി മോര്‍ച്ച നേതാവായ അബ്ദുള്‍ ഹമീദ് നജര്‍ കൊല്ലപ്പെടുന്നത്.

Similar News