ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തന്‍ 10 കോടിയുടെ കള്ളപ്പണവുമായി പിടിയില്‍

പ്രതാപ് പുരയിലെ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജലന്ധറിലെ ഓഫിസ് കം റസിഡന്‍സില്‍നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പണം പിടികൂടിയത്. ചാക്കില്‍കെട്ടിയ നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Update: 2019-03-30 03:55 GMT

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനും ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് ഡയറക്ടര്‍ ജനറലുമായ ഫാ.ആന്റണി മാടശ്ശേരിയെ 10 കോടി രൂപയുടെ കള്ളപ്പണവുമായി പിടികൂടി. പ്രതാപ് പുരയിലെ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജലന്ധറിലെ ഓഫിസ് കം റസിഡന്‍സില്‍നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പണം പിടികൂടിയത്. ചാക്കില്‍കെട്ടിയ നിലയിലാണ് പണം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടിച്ചെടുത്തത്. പണത്തിന്റെ കണക്കുകളോ രേഖകളോ ബന്ധപ്പെട്ടവര്‍ക്ക് ഹാജരാക്കാനായില്ലെന്നും സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും പോലിസ് അറിയിച്ചു. ഡല്‍ഹിയില്‍നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സമയത്ത് ഫാ. മാടശ്ശേരി കേരളത്തിലേക്ക് പോയിരുന്നു.

തൃശൂരില്‍ മൂന്നാഴ്ചയോളം താമസിച്ച് ജാമ്യം ലഭിക്കുന്നതിന് സാമ്പത്തിക സഹായം ഉള്‍പ്പടെ നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു. പിന്നീട് ബിഷപ്പിനൊപ്പമാണ് ജലന്ധറിലേക്ക് മടങ്ങിയെത്തത്. ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ മടങ്ങിയെത്തിയശേഷം നടത്തിയ കുര്‍ബാനയില്‍ മാടശ്ശേരിക്ക് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സിസ്‌കന്‍ മിഷണറീസിന്റെ നേതൃത്വത്തില്‍ നവജീവന്‍ സൊസൈറ്റിയും സഹോദയ സ്വകാര്യസുരക്ഷാ ഏജന്‍സിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനച്ചെലവിലേക്കുള്ള പണമാണ് കണ്ടെടുത്തതെന്നാണ് ഫാ. ആന്റണി മാടശ്ശേരി നല്‍കിയ വിശദീകരണമെന്നാണ് സൂചന.  

Tags: