കര്‍ഷക പ്രക്ഷോഭം 32 ാം ദിവസം: ചര്‍ച്ചയില്‍ പങ്കെടുക്കും; നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ മാറ്റമില്ല

കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. ദേശീയ പാതകളില്‍ ടോള്‍ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്.

Update: 2020-12-27 03:03 GMT

ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസം. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കാകും ചര്‍ച്ച. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കി തന്നെയാകും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.

പ്രക്ഷോഭം ഒരുമാസം പിന്നിട്ടതോടെ കോര്‍പറേറ്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. റിലയന്‍സ്, ജിയോ, അദാനി ഉല്‍പ്പനങ്ങള്‍ക്കെതിരേ കാംപയിന്‍ ശക്തമാക്കിയിട്ടുണ്ട്.

കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. ദേശീയ പാതകളില്‍ ടോള്‍ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. മുപ്പതിന് ഡല്‍ഹി അതിര്‍ത്തികള്‍ ഉപരോധിക്കുന്ന തരത്തില്‍ മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ നേരിട്ടെത്തി സുരക്ഷ ക്രമീകരണങ്ങള്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഇന്നലെ വിലയിരുത്തിയിരുന്നു.

കര്‍ഷകസമരത്തിനിടെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. മന്‍ കീ ബാത്ത് നടക്കുമ്പോള്‍ പാത്രം കൊട്ടിയും കൈ കൊട്ടിയും പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധ സ്ഥലങ്ങളിലും കര്‍ഷകര്‍ പ്രതിഷേധിക്കും.

Tags: