ഡല്‍ഹിയിലെ ആശുപത്രികളില്‍ ഭക്ഷണവും അവശ്യവസ്തുക്കളുമെത്തിക്കും; കൊവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി സമരം ചെയ്യുന്ന കര്‍ഷകര്‍

ഡല്‍ഹിയിലെ ആശുപത്രികളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമെത്തിക്കാനുള്ള പദ്ധതിയിട്ടിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരുവിഭാഗം കര്‍ഷക സംഘടനകളാണ് ആശുപത്രികളില്‍ ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

Update: 2021-04-29 07:14 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ഡല്‍ഹിക്ക് കൈത്താങ്ങുമായി കര്‍ഷക സമൂഹം. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരാണ് ഡല്‍ഹിയിലെ ആശുപത്രികളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമെത്തിക്കാനുള്ള പദ്ധതിയിട്ടിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരുവിഭാഗം കര്‍ഷക സംഘടനകളാണ് ആശുപത്രികളില്‍ ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലായി സമരം ചെയ്യുന്ന കര്‍ഷകര്‍ നഗരത്തിലെ ആശുപത്രികളില്‍ ഭക്ഷണപ്പൊതികളും അവശ്യവസ്തുക്കളും നല്‍കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു. ഗാസിപൂരിലെ കര്‍ഷകര്‍ ബസ് ടെര്‍മിനലുകളിലും മറ്റും നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ സിങ്കു അതിര്‍ത്തിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഭക്ഷണം പാകംചെയ്ത് പായ്ക്കറ്റുകളിലാക്കുന്നതിനുള്ള നടപടികള്‍ ചൊവ്വാഴ്ച തുടങ്ങും.

നൂറുകണക്കിന് കര്‍ഷക യൂനിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിവിധ ഘടകങ്ങള്‍ ഏകോപിപ്പിച്ച് ഇതിനായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആശുപത്രികളില്‍ സേവനം അനുഷ്ടിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്കും വേണ്ടിയുമാണ് പ്രധാനമായും ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അവശ്യവസ്തുക്കളോ ഭക്ഷണമോ ആവശ്യമുള്ളവര്‍ക്ക് തങ്ങളെ സമീപിക്കാമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

കര്‍ഷക സമരം നടക്കുന്ന പരിസരങ്ങളിലൂടെ മെഡിക്കല്‍ ഓക്‌സിജനും മറ്റു അവശ്യവസ്തുക്കളുമായി കടന്നുപോകുന്ന വാഹനങ്ങളെ കര്‍ഷകര്‍ ആവുംവിധം സഹായിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഓരോ ദിവസം കഴിയുന്തോറും കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഡല്‍ഹിയ്ക്ക് ആശ്വാസമായിരിക്കുകയാണ് കര്‍ഷകരുടെ ഇടപെടല്‍. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരേ നടക്കുന്ന സമരം അഞ്ചുമാസം പിന്നിട്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ പുതുക്കിയ വാക്‌സിന്‍ നയങ്ങള്‍ പിന്‍വലിച്ച് രാജ്യത്തെ പൗരന്‍മാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും മിനിമം സപ്പോര്‍ട്ട് പ്രൈസിന്റെ കാര്യത്തില്‍ നിയമപരമായ ഉറപ്പുനല്‍കണമെന്നും അതുവരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും കര്‍ഷക യൂനിയനുകള്‍ ആവര്‍ത്തിച്ചു.

Tags:    

Similar News