കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം; സര്‍ക്കാര്‍ പുരസ്‌കാരം നിരസിച്ച് പഞ്ചാബി ഗായകന്‍

Update: 2020-12-05 01:40 GMT

അമതൃത്‌സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ചും ഡല്‍ഹിയില്‍ സമരം തുടരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പുരസ്‌കാരം നിരസിച്ച് പഞ്ചാബി ഗായകന്‍. പഞ്ചാബി ഗായകനും നടനുമായ ഹര്‍ഭജന്‍ മന്‍ ആണ് പഞ്ചാബ് സര്‍ക്കാരിന്റെ 'ശിരോമണി പഞ്ചാബി' അവാര്‍ഡ് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. പഞ്ചാബ് ഭാഷാ വകുപ്പ് വ്യാഴാഴ്ചയാണ് മന്നിനെ ജേതാവായി തിരഞ്ഞെടുത്തു. സാഹിത്യ-കലാ രംഗങ്ങളിലെ 18 വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്കാണ് സാഹിത്യ രത്ന, ശിരോമണി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

    'അവാര്‍ഡിനു തിരഞ്ഞെടുക്കപ്പെട്ടതില്‍ നന്ദിയുണ്ട്. ഭാഷാ വകുപ്പില്‍ നിന്നുള്ള ശിരോമണി ഗായക് അവാര്‍ഡ് എനിക്ക് സ്വീകരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ സ്‌നേഹമാണ് എന്റെ കരിയറിലെ ഏറ്റവും വലിയ അവാര്‍ഡ്. ഇപ്പോള്‍ നമ്മില്‍ നിന്നുള്ള എല്ലാ ശ്രദ്ധയും കര്‍ഷക പ്രതിഷേധത്തില്‍ സമാധാനപരമായി സമര്‍പ്പിക്കണം'-ഹര്‍ഭജന്‍ മാന്‍ ട്വിറ്ററില്‍ കുറിച്ചു. ഹര്‍ഭജന്‍ മന്നും നിരവധി പഞ്ചാബി ഗായകരും കലാകാരന്‍മാരും കഴിഞ്ഞ ഏതാനും മാസങ്ങളായി കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ഡല്‍ഹി അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു.

    'അവരുടെ ഈജ്ജം, ഉല്‍സാഹം, ശുഭാപ്തിവിശ്വാസം എന്നിവ അനുഭവിക്കാന്‍ നിങ്ങള്‍ അവിടെ ഉണ്ടായിരിക്കണം. പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ പുഞ്ചിരിക്കുകയും സന്തോഷത്തിന്റെ നിമിഷങ്ങള്‍ പങ്കിടുകയും ചെയ്യുന്നു. സമാധാനപരവും ഊര്‍ജ്ജസ്വലവുമായ പ്രതിഷേധക്കാരെ കുറിച്ച് വിദൂരത്തുനിന്നും അഭിമാനിക്കുന്നു,' മാന്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ഡല്‍ഹീ, അവകാശങ്ങള്‍ ലഭിക്കാതെ ഞങ്ങള്‍ പിന്തിരിയില്ല എന്ന പുതിയ ഗാനവും ഇദ്ദേഹം പുറത്തിറക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. ഒരു മാസം മുമ്പ് മാന്‍ 'പാടങ്ങള്‍ ഞങ്ങളുടെ അമ്മയാണ്, വയലുകള്‍ ഞങ്ങളുടെ അഭിമാനമാണ്' എന്ന മറ്റൊരു ഗാനവും പുറത്തിറക്കിയിരുന്നു.

    കന്‍വര്‍ ഗ്രേവല്‍, സിദ്ധു മൂസ് വാല, ബബ്ബു മാന്‍, ഹാര്‍ഫ് ചീമ തുടങ്ങി നിരവധി പഞ്ചാബി ഗായകരും അഭിനേതാക്കളുമാണ് കര്‍ഷകരുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബ്, ഹരിയാന, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ വിവിധ അതിര്‍ത്തി പ്രദേശങ്ങള്‍ ഉപരോധിക്കുന്നത്.

Farmers' protest: Punjabi singer-actor Harbhajan Mann refuses to accept state govt's award

Tags:    

Similar News