കര്‍ഷക സമരം 100ാം ദിവസത്തിലേക്ക്; സമരം ശക്തമാക്കി കര്‍ഷകര്‍, കെഎംപി എക്‌സ്പ്രസ് ഹൈവെ ഉപരോധിക്കും

സമരം 100 ദിവസം തികഞ്ഞ പശ്ചാത്തലത്തില്‍ ഇന്ന് കരിദിനമായി ആചരിക്കുകയാണ് കര്‍ഷക സംഘടനകള്‍.

Update: 2021-03-06 05:30 GMT

ന്യൂഡല്‍ഹി: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ചെയ്യുന്ന സമരം 100ാം ദിവസത്തിലേക്ക് പ്രവേശിച്ചു.

സമരം 100 ദിവസം തികഞ്ഞ പശ്ചാത്തലത്തില്‍ ഇന്ന് കരിദിനമായി ആചരിക്കുകയാണ് കര്‍ഷക സംഘടനകള്‍.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കുണ്ട്‌ലിമ-നേസര്‍പല്‍വാല്‍ എക്‌സ്പ്രസ് ഹൈവെ അഞ്ച് മണിക്കൂര്‍ ഉപരോധിക്കും. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും വ്യക്തികള്‍ക്കോ സ്വത്തിനോ ഒരു ഉപദ്രവവും വരുത്തുകയില്ലെന്നും നേതാക്കള്‍ അറിയിച്ചു.

കെഎംപി എക്‌സ്പ്രസ് ഹൈവേയിലെ 'ചക്ക ജാം' രാവിലെ 11ന് ആരംഭിച്ച് ഉച്ചതിരിഞ്ഞ് മൂന്നിന് അവസാനിക്കും-കര്‍ഷക സംഘടന നേതാവ് ദീരജ് സിംഗ് പറഞ്ഞു.

എത്രകാലം വേണമെങ്കിലും കര്‍ഷക സമരം തുടരാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. തങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണ്. സര്‍ക്കാര്‍ തങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നതുവരെ ഇവിടെ നിന്ന് മാറില്ല- ടിക്കായത്ത് വ്യക്തമാക്കി. അതേസമയം, കര്‍ഷകരുടെ സംഘടന പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിയാണ് കര്‍ഷകര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലും സമരം വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. ബംഗാളിലേക്ക് റാലി നടത്തുമെന്ന സൂചനയും നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ കര്‍ഷക കൂട്ടായ്മകളും പൊതു പരിപാടികളും സംഘടിപ്പിക്കും. നിലവില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഷക സംഘടനകള്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നുണ്ട്. രാജസ്ഥാനില്‍ കര്‍ഷകരുടെ മഹാപഞ്ചായത്തുകള്‍ക്ക് കോണ്‍്ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷകരാണ് കൂടുതലായും സമരത്തില്‍ പങ്കെടുക്കുന്നത്.

Tags:    

Similar News