കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം തുടങ്ങി; റെയില്‍വേ സ്‌റ്റേഷനുകളുടെ സുരക്ഷ ഉയര്‍ത്തി

പ്രതിഷേധം അക്രമാസക്തമാകാനുള്ളസാധ്യത കണക്കിലെടുത്ത് യുപി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. റെയില്‍വേ സംരക്ഷണ സേനയെ കൂടാതെ സംസ്ഥാന പോലിസിനെയും അധികമായി ഇവിടങ്ങളില്‍ വിന്യസിച്ചു.

Update: 2021-02-18 08:00 GMT

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരുടെ രാജ്യവ്യാപകമായുള്ള നാലു മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം തുടങ്ങി. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം.

പ്രതിഷേധം അക്രമാസക്തമാകാനുള്ളസാധ്യത കണക്കിലെടുത്ത് യുപി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. റെയില്‍വേ സംരക്ഷണ സേനയെ കൂടാതെ സംസ്ഥാന പോലിസിനെയും അധികമായി ഇവിടങ്ങളില്‍ വിന്യസിച്ചു.

പഞ്ചാബിലെ അമൃത്സര്‍ റെയില്‍വേ സ്‌റ്റേഷന്‍ പോലിസ് വലയത്തിലാണ്. പശ്ചിമ റെയില്‍വേയില്‍ നാല് ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടു. പഞ്ചാബില്‍ നിന്ന് ഹരിയാന വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയില്‍വേ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. സമാധാനപരമായി സമരം നടത്തണമെന്ന് കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News