18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും; പ്രക്ഷോഭം കടുപ്പിക്കാനുറച്ച് സംയുക്ത കിസാന്‍ മോര്‍ച്ച

ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിനാണ് തീരുമാനം. സമരം ശക്തിപ്പെടുത്താനായി നാല് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിന് ശേഷം കര്‍ഷക നേതാവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു.

Update: 2021-02-10 18:39 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷക സംഘടനകള്‍ ഭാവി സമരപരിപാടികള്‍ പ്രഖ്യാപിച്ചു. സമരം ശക്തിപ്പെടുത്താനുള്ള നിര്‍ണായക തീരുമാനമാണ് സംയുക്ത കിസാന്‍ മോര്‍ച്ച കൈകൊണ്ടത്.

ദേശവ്യാപക റോഡ് തടയല്‍ സമരത്തിന് ശേഷം റെയില്‍ തടയല്‍ സമരം പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് നാലുമണിക്കൂര്‍ ദേശവ്യാപക ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരത്തിനാണ് തീരുമാനം. സമരം ശക്തിപ്പെടുത്താനായി നാല് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിന് ശേഷം കര്‍ഷക നേതാവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു.

ഫെബ്രുവരി 12 മുതല്‍ പഞ്ചാബ്, ഹരിയാന മാതൃകയില്‍ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോള്‍ പ്ലാസകള്‍ ഉപരോധിക്കും. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഫെബ്രുവരി 14ന് മെഴുക്തിരി റാലി നടത്തും. 16ന് ഛോട്ടുറാം ജന്‍മദിന വാര്‍ഷികം സംഘടിപ്പിക്കും. പതിനെട്ടിന് ഉച്ചയ്ക്ക് 12മുതല്‍ നാലുവരെ ദേശവ്യാപകമായി ട്രെയിന്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കര്‍ഷകസമരം തെറ്റിദ്ധാരണ മൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കാര്‍ഷികരംഗം വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. ഇത് നേരിടാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നിരന്തരം കര്‍ഷകരോട് ചര്‍ച്ച നടത്തുന്നു. കാര്‍ഷികനിയമങ്ങളില്‍ കുറവുണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണ്. നിയമം വന്ന ശേഷം ഒരു ചന്തയും അടഞ്ഞു പോയില്ല. നിയമം വന്ന ശേഷം താങ്ങുവില കൂടിയിട്ടേ ഉള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News