പോപുലര്‍ ഫ്രണ്ടിനെതിരേ വ്യാജവാര്‍ത്ത; കേരളത്തിലെ അഞ്ച് മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസയച്ചു

മാതൃഭൂമി, മലയാള മനോരമ, ജന്‍മഭൂമി, ദീപിക, കേരള കൗമുദി എന്നീ പത്ര മാധ്യമങ്ങള്‍ക്കെതിരേയാണ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

Update: 2022-07-27 14:17 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തും വിധം വ്യാജവാര്‍ത്തകള്‍ നല്‍കിയ കേരളത്തിലെ അഞ്ച് മാധ്യമങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. മാതൃഭൂമി, മലയാള മനോരമ, ജന്‍മഭൂമി, ദീപിക, കേരള കൗമുദി എന്നീ പത്രമാധ്യമങ്ങള്‍ക്കെതിരേയാണ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടുപേര്‍ ബിഹാറില്‍ പിടിയില്‍ എന്ന തലക്കെട്ടോടെ 2022 ജൂലൈ 15ന് പ്രസിദ്ധീകരിച്ച വാര്‍ത്തകളിലാണ് പോപുലര്‍ ഫ്രണ്ടിനെതിരേ അസത്യങ്ങള്‍ കുത്തിനിറച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളത്.

എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ഈ അറസ്റ്റിന് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പട്‌നയിലെ സീനിയര്‍ പോലിസ് സൂപ്രണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വസ്തുത മറച്ചുവച്ചാണ് പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപുലര്‍ ഫ്രണ്ട് പരിശീലനം നല്‍കി പദ്ധതി തയ്യാറാക്കിയെന്നും യോഗം ചേര്‍ന്നുവെന്നുമുള്ള കെട്ടുകഥകള്‍ നിരത്തി പ്രസ്തുത മാധ്യമങ്ങള്‍ ദുരുദ്ദേശപരമായി വാര്‍ത്തകള്‍ പടച്ചുവിട്ടത്. രാജ്യത്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ ദേശവിരുദ്ധരും സാമൂഹികവിരുദ്ധരുമായി ചിത്രീകരിക്കാനുള്ള ആസൂത്രിതനീക്കമാണ് ഇതിനു പിന്നിലെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. വ്യാജവാര്‍ത്ത പിന്‍വലിച്ച് മാപ്പുപറയാത്തപക്ഷം സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

Tags:    

Similar News