ജമ്മു കശ്മീരില്‍ അതീവ ജാഗ്രത; രഹസ്യാന്വേഷണവിഭാഗത്തിന്റെ നിര്‍ണായക യോഗം ഇന്ന്

രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരില്‍ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സൈന്യം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

Update: 2021-10-18 03:22 GMT

ശ്രീനഗര്‍: ജമ്മു കശ്മീരി സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണത്തെകുറിച്ച് ഇന്ന് ചേരുന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ നിര്‍ണായക യോഗം ചര്‍ച്ച ചെയ്യും. രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരില്‍ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സൈന്യം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ പോലിസ് സ്‌റ്റേഷനിലേക്കോ സൈനിക ക്യാംപിലേക്കോ മാറ്റണമെന്ന നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ അറിയിച്ചു. എന്നാല്‍ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും തൊഴിലാളികളെ പോലിസ് ഉദ്യോഗസ്ഥര്‍ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ 2 ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജമ്മു കശ്മീര്‍ ലെഫ്റ്റ് ഗവര്‍ണറുമായി സംസാരിച്ചു. അതേസമയം, പൂഞ്ചില്‍ സായുധ സംഘങ്ങള്‍ക്കായുള്ള തിരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്.

ആക്രമണത്തിനു പിന്നില്‍ കശ്മീരികളല്ലെന്നു നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല ഇന്നലെ വ്യക്തമാക്കിയിരുന്നു. ആക്രമണം കശ്മീരികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Tags: