'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചു; മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരേ റോ മുന്‍ ഉദ്യോഗസ്ഥന്‍

ഹാമിദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരിക്കെ റോയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്നും രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നുമാണ് സൂദിന്റെ ആരോപണം

Update: 2019-07-08 06:03 GMT

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്ത്യയുടെ രഹസ്യങ്ങള്‍ ഇറാനുമായി പങ്കുവച്ചെന്നും റോ(റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്)യെ തകര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണവുമായി 'റോ' മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്ത്. 1990-91 കാലഘട്ടത്തില്‍ ഹാമിദ് അന്‍സാരി ടെഹ്‌റാനില്‍ അംബാസഡറായിരിക്കെ അവിടെ റോ ഓഫിസറായിരുന്ന എന്‍ കെ സൂദ് എന്ന ഉദ്യോഗസ്ഥനാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. ഹാമിദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരിക്കെ റോയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്നും രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നുമാണ് സൂദിന്റെ ആരോപണം. കശ്മീരി യുവാക്കള്‍ക്ക് ഇറാന്‍ ആയുധപരിശീലനം നല്‍കുന്നത് റോ നിരീക്ഷിക്കുന്ന കാര്യം അന്‍സാരി ഇറാനുമായി പങ്കുവച്ചെന്നാണ് ആരോപണം. ഇക്കാര്യം ഇറാന്‍ അറിഞ്ഞതോടെ റോയുടെ നിരീക്ഷണ സംവിധാനം തകരാറിലായി. ഇറാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് സംഭവം മുതലെടുത്ത് ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. ഈ സമയത്ത് ഹാമിദ് അന്‍സാരി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും 2010ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച എന്‍ കെ സൂദ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോയുടെ ഗള്‍ഫ് യൂനിറ്റ് തകര്‍ത്തതില്‍ ഐബി മുന്‍ അഡീഷനല്‍ സെക്രട്ടറി രത്തന്‍ സെഗാളിനും പങ്കുണ്ടെന്ന് സൂദ് ആരോപിച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കു രേഖകള്‍ കൈമാറിയെന്നാരോപിച്ച് രത്തന്‍ സെഗാളിനെ രാജിവയ്പിക്കുകയായിരുന്നു.

    ഇന്ത്യന്‍ താല്‍പര്യം സംരക്ഷിച്ചില്ലെന്നു മാത്രമല്ല, നാലോളം സംഭവങ്ങളില്‍ ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയപ്പോള്‍ നയതന്ത്രപരമായി ഇടപെടുന്നതിലും രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിലും അന്‍സാരി പരാജയപ്പെട്ടെന്നും സൂദ് പരാതിയില്‍ പറയുന്നു. 1991 മെയില്‍ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ വച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥനായ സന്ദീപ് കപൂറിനെ ഇറാന്‍ രഹസ്യാന്വേഷം വിഭാഗമായ സവാക് തട്ടിക്കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തെ കണ്ടെത്താന്‍ അന്‍സാരി ഒരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല, കപൂറിനെ കാണാനില്ലെന്നും ചില പ്രാദേശിക സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും റിപോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം. മൂന്നുദിവസത്തിനു ശേഷം ഇറാന്‍ എംബസിയില്‍ നിന്ന് ഫോണ്‍ വിളിക്കുകയും സന്ദീപ് കപൂര്‍ ഇന്ന സ്ഥലത്ത് റോഡരികിലുണ്ടെന്നു പറയുകയും ചെയ്തു. മയക്കുമരുന്ന് കുത്തിവച്ച നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. വര്‍ഷങ്ങളോളം ദുരിതമനുഭവിക്കേണ്ടി വന്നിട്ടും ഇക്കാര്യത്തില്‍ ഒരു അന്വേഷണവും നടപടിയുമെടുത്തില്ല. ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിനു മുന്നില്‍ പ്രതിഷേധിക്കാന്‍ റോ നിര്‍ദേശം നല്‍കിയിട്ടും അന്‍സാരി ചെയ്തില്ല. 1991 ആഗസ്തില്‍ ഇറാന്‍ നിയന്ത്രണത്തിലുള്ള മതപഠന കേന്ദ്രത്തില്‍ ആയുധപരിശീലനത്തിനു സ്ഥിരമായി പോവുന്ന കശ്മീരി യുവാവിനെ പിടികൂടി. ഇക്കാര്യം വകുപ്പ് മേധാവിയായ അന്‍സാരിയെ അറിയിച്ചു. എന്നാല്‍, ഓപറേഷനു നേതൃത്വം നല്‍കിയ ഡി ബി മൂത്തൂരിനെ കുറിച്ച് അദ്ദേഹം ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഓഫിസിലെ ഉദ്യോഗസ്ഥനെ അറിയിച്ചു. ഇതുകാരണം മാത്തൂരിനെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിക്കൊണ്ടു പോയെന്നും സൂദ് ആരോപിച്ചു. ഡി ബി മാത്തൂരിനെ കാണാതായെന്ന റിപോര്‍ട്ടില്‍ സവാക് തട്ടിക്കൊണ്ടുപോയതാണെന്ന് ചൂണ്ടിക്കാണിക്കാന്‍ അന്‍സാരി തയ്യാറായില്ലെന്നും സണ്‍ഡേ ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. ഇറാനിയന്‍ വിദ്യാര്‍ഥികള്‍ക്ക് അനധികൃതമായി വിസ നല്‍കി തുടങ്ങി വിവിധ ആരോപണങ്ങളാണ് അന്‍സാരിക്കെതിരേ സൂദ് ഉന്നയിച്ചിട്ടുള്ളത്. ഈ വിഷയങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം നടത്തണമെന്നും കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Tags: