അഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍ സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ്

Update: 2024-03-28 17:31 GMT

അഹമ്മദാബാദ്: അഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. ഗുജറാത്തിലെ ബനസ്‌കന്ദയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായ്ക്കും പങ്കുണ്ടെന്ന് ആരോപിച്ചതിന് വേട്ടയാടപ്പെടുന്ന സഞ്ജീവ് ഭട്ട് നിലവില്‍ 1990ലെ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജെഎന്‍ തക്കറാണ് 20 വര്‍ഷം തടവിനും രണ്ടുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പട്ടേല്‍ പറഞ്ഞു. 1996ലെ കേസിലാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടത്. 1996 മുതല്‍ 2018 വരെ 20 വര്‍ഷത്തോളം കേസില്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. സഞ്ജീവ് ഭട്ടും മറ്റുള്ളവരും അഭിഭാഷകനെ തെറ്റായി പ്രതിചേര്‍ത്തെന്ന് ആരോപിച്ച് 2018 ഏപ്രിലില്‍ ഗുജറാത്ത് ഹൈക്കോടതിയാണ് കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. സംഭവം നടന്ന് 22 വര്‍ഷത്തിന് ശേഷം 2018 സപ്തംബറിലാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. 1996ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്തയിലെ പോലിസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുമ്പോള്‍ 1996ല്‍ പാലന്‍പൂര്‍ ഹോട്ടലില്‍ 1.15 കിലോ കറുപ്പ് സൂക്ഷിച്ചെന്നാരോപിച്ച് രാജസ്ഥാനിലെ പാലി സ്വദേശിയായ അഭിഭാഷകനായ സുമര്‍ സിങ് രാജ്പുരോഹിതിനെ പോലിസ് അറസ്റ്റ് ചെയ്ത സംഭവമാണിത്.

Tags: