കശ്മീരി സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി മുന്‍ സൈനിക ഓഫിസര്‍

'മരണത്തിനു പകരം മരണം, ബലാത്സംഗത്തിനു പകരം ബലാത്സംഗം. ഞാന്‍ ശരി മാത്രമാണ് പറയുന്നത്. അവിടെ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത മനുഷ്യര്‍ക്ക് നീതിലഭിക്കണം...' എന്നായിരുന്നു സിന്‍ഹയുടെ ആക്രോഷം.

Update: 2019-11-18 19:24 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ കൊലപാതകവും കശ്മീരി സ്ത്രീകളെ ബലാത്സംഗവും നടത്തണമെന്ന ആഹ്വാനവുമായി മുന്‍ സൈനിക മേജര്‍. ഹിന്ദി ചാനല്‍ ടി.വി 9 ഭരത്‌വര്‍ഷില്‍ കശ്മീരി പണ്ഡിറ്റുകളെ സംബന്ധിച്ച സംവാദത്തിനിടെയാണ് റിട്ട. മേജര്‍ ജനറല്‍ എസ് പി സിന്‍ഹ വിവാദ പരാമര്‍ശം നടത്തിയത്.

'മരണത്തിനു പകരം മരണം, ബലാത്സംഗത്തിനു പകരം ബലാത്സംഗം. ഞാന്‍ ശരി മാത്രമാണ് പറയുന്നത്. അവിടെ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത മനുഷ്യര്‍ക്ക് നീതിലഭിക്കണം...' എന്നായിരുന്നു സിന്‍ഹയുടെ ആക്രോഷം. അവതാരകയും സഹപാനലിസ്റ്റുകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും എസ്.പി സിന്‍ഹ തന്റെ വാദത്തില്‍ ഉറച്ചുനിന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത വനിതാ അംഗം തന്റെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് സിന്‍ഹയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ നിലപാടിനെ ചോദ്യം ചെയ്തു. ഇദ്ദേഹത്തെ ചര്‍ച്ചയില്‍ തുടരാന്‍ അനുവദിക്കരുതെന്നും താങ്കള്‍ ഒരു സ്ത്രീയല്ലേയെന്നുമായിരുന്നു അവതാരകയോട് ഇവരുടെ ചോദ്യം. പ്രേക്ഷക ബെഞ്ചിലുണ്ടായിരുന്ന വനിതകള്‍ അടക്കമുള്ളവരും പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും സിന്‍ഹയെ ചര്‍ച്ചയില്‍ നിന്നു മാറ്റാന്‍ അവതാരക തയ്യാറായില്ല.

സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ സൈന്യം ഇതുവരെ പ്രതികരിച്ചില്ലെങ്കിലും സിന്‍ഹയുടെ അഭിപ്രായപ്രകടനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സൈനിക ഓഫിസര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. റിട്ടയര്‍ ചെയ്താലും ഓഫിസര്‍മാര്‍ സൈന്യത്തിന്റെ വക്താക്കളായിരിക്കണമെന്നും വെറ്ററന്‍ ഓഫിസര്‍മാരെ പൊതുവേദിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത പാകിസ്താന്റെ നയം ഇന്ത്യയും പിന്തുടരണമെന്നും മുന്‍ സൈനിക ഓഫിസര്‍ ലഫ്. ജനറല്‍ സയ്യിദ് അത്താ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

സിന്‍ഹയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും അസംബന്ധവുമാണെന്നും ഇദ്ദേഹം ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും ലഫ്. ജനറല്‍ വിനോദ് ഭാട്ട്യ പറഞ്ഞു. എ.സി സ്റ്റുഡിയോയിയിലിരുന്ന് സംസാരിക്കുന്ന സിന്‍ഹ സൈന്യം ചെയ്ത നല്ലകാര്യങ്ങളും ത്യാഗങ്ങളും ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്‍ഹ സൈന്യത്തിന് നാണക്കേടുണ്ടാക്കിയെന്നും തനിക്കറിയാവുന്ന സൈന്യം അദ്ദേഹം പറയുന്നതു പോലെയല്ലെന്നും മുന്‍ സൈനിക ഓഫീസര്‍ സ്‌നേഹേഷ് അലക്‌സ് ഫിലിപ്പ് ട്വീറ്റ് ചെയ്തു.

Tags:    

Similar News