തൃക്കാക്കരഉപതിരഞ്ഞെടുപ്പ്:കോണ്‍ഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തിന്റെ മതമൈത്രിയെ തകര്‍ക്കും; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ വി തോമസ്

കേരളത്തിന്റെ വികസനത്തിനും ഗതാഗത രംഗത്തുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കെ റെയില്‍ മാത്രമല്ല എല്ലാ വിധത്തിലുമുള്ള അതിവേഗ യാത്രാ സംവിധാനങ്ങള്‍ സംസ്ഥാത്തുണ്ടാകണം

Update: 2022-05-12 14:00 GMT

കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ്.കോണ്‍ഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തിന്റെ മതമൈത്രിയെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെ വി തോമസ് പറഞ്ഞു.കോണ്‍ഗ്രസിന് വലിയ പാരമ്പര്യമുണ്ട്.താന്‍ കോണ്‍ഗ്രസുകാരനായി തന്നെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് എന്നു പറയുന്നത് അഞ്ചു രൂപ മെമ്പര്‍ഷിപ്പ് മാത്രമല്ല അത് വികാരവും സംസ്‌ക്കാരവും കാഴ്ചപ്പാടുമാണ്.മഹാത്മ ഗാന്ധി കോണ്‍ഗ്രസായിരുന്നു.അതേ മഹാത്മാഗാന്ധിയാണ് കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ പറഞ്ഞത്.അതിന്റെ പേരില്‍ മഹാത്മഗാന്ധി കോണ്‍ഗ്രസല്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോയെന്നും കെ വി തോമസ് ചോദിച്ചു.

തിരഞ്ഞെടുപ്പില്‍ അപരനെ നിര്‍ത്തിയാലൊന്നും ജനങ്ങളുടെ മനസ് മാറ്റാന്‍ കഴിയില്ല.19 യുഡിഎഫ് എംപിമാര്‍ കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് പോയിട്ടെന്താണ് ചെയ്തതെന്നും കെ വി തോമസ് ചോദിച്ചു.കെ റെയിലിനുവേണ്ടിയോ,കേരളത്തിന് എയിംസ് വരുത്തുന്നതിനോ ഇവരില്‍ ഒരാളെങ്കിലും ചെറുവിരല്‍ ഉയര്‍ത്തിയോയെന്നും കെ വി തോമസ് ചോദിച്ചു.കേരളത്തിന്റെ വികസനത്തിനും ഗതാഗത രംഗത്തുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കെ റെയില്‍ മാത്രമല്ല എല്ലാ വിധത്തിലുമുള്ള അതിവേഗ യാത്രാ സംവിധാനങ്ങള്‍ സംസ്ഥാത്തുണ്ടാകണം.വികസന പദ്ധതികള്‍ വരുമ്പോള്‍ സ്വാഭാവികമായും എതിര്‍പ്പുണ്ടാകും.കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വന്നപ്പോള്‍ ഒരു പള്ളിയും 263 ഓളം കുടുംബങ്ങളും ഒരു സെമിത്തേരിയുമാണ് മാറ്റേണ്ടിവന്നത്.

കൊച്ചി മെട്രോ വന്നപ്പോളും നേരിട്ട പ്രതിസന്ധി എല്ലാവര്‍ക്കും അറിയാം. അത്തരം പ്രതിസന്ധികളുണ്ടാകമ്പോള്‍ അത് നേരിടാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമെ കഴിയുവെന്നും കെ വി തോമസ് പറഞ്ഞു.മാറി മാറി വന്ന മുഖ്യമന്ത്രിമാര്‍ കൈ മലര്‍ത്തിയപ്പോള്‍ ഗെയില്‍ പദ്ധതി നടപ്പിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പി ടി തോമസ് തന്റെ ആത്മാര്‍ഥ സുഹൃത്തായിരുന്നു.പക്ഷേ പി ടിയെ സ്‌നേഹിക്കുന്നവര്‍ പി ടി പറഞ്ഞ കാര്യങ്ങള്‍ വിസ്മരിച്ചു പോയോയെന്നാണ് തനിക്കുള്ള ചോദ്യമെന്നും കെ വി തോമസ് ചോദിച്ചു.

വികസനത്തിനൊപ്പമാണ് താന്‍.പിണറായി വിജയന്റെ കാലത്ത് എന്തു വികസനമാണ് നടന്നതെന്ന് ചോദിച്ച ഉമ്മന്‍ചാണ്ടിക്ക് ഓര്‍മ്മക്കുറവുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു.പാലാരിവട്ടം മേല്‍പ്പാലം ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന വിധത്തില്‍ പുനരുദ്ധരിച്ചത് പിണറായി വിജയനാണ് എന്നു പറഞ്ഞാല്‍ കുറ്റംപറയാന്‍ പറ്റുമോ.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മേല്‍പ്പാലത്തിനായി വൈറ്റിലയില്‍ ഒരു കല്ലിട്ടു.തൊട്ടപ്പുറത്ത് മറ്റൊരു കല്ലിട്ടു. എന്നാല്‍ കല്ലൊന്നും പാലമായില്ല.എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആ കല്ലുകളെല്ലാം മേല്‍പ്പാലമാക്കി മാറ്റിയെന്നും കെ വി തോമസ് പറഞ്ഞു.

കെ റെയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്ന് താന്‍ പറഞ്ഞപ്പോള്‍ പിണറായി വിജയനാണോ കൊണ്ടുവരുന്നതെങ്കില്‍ അതിനെ തങ്ങള്‍ എതിര്‍ക്കുമെന്നായിരുന്നു നിലപാട്.ഈ സമീപനം ശരിയല്ല.വികസനത്തില്‍ അനാവശ്യ രാഷ്ട്രീയം കൊണ്ടുവരരുത്.ഇക്കാര്യം എ കെ ആന്റണി സഹപ്രവര്‍ത്തകരെ ഉപദേശിക്കണം.വികസനത്തിന്റെ കാര്യത്തില്‍ താന്‍ പിണറായി വിജയനൊപ്പമാണെന്നും അങ്ങനെ പറയുന്നതില്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കെ വി തോമസ് പറഞ്ഞു.

Tags:    

Similar News