തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്‌സില്‍ ; നാളെ കൊട്ടിക്കലാശം

നാളെ വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിന് തിരശീല വീഴും.പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലാണ്

Update: 2022-05-28 10:12 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം ക്ലൈമാക്‌സിലേക്ക് കടക്കുന്നു.ദിവസങ്ങള്‍ നീണ്ടു നിന്ന പരസ്യപ്രചാരണത്തിന് നാളെ കൊടിയിറങ്ങും.നാളെ വൈകിട്ട് ആറുമണിയോടെ പരസ്യപ്രചാരണത്തിന് തിരശീല വീഴും.പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലാണ്.തൃക്കാക്കരയില്‍ വിജയിക്കുകയെന്നത് എല്‍ഡിഎഫിനും യുഡിഎഫിനും അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രചാരണ രംഗം കടത്തു പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.


കെ റെയിലാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം.എല്‍ഡിഎഫ് ആകട്ടെ ഇതിനെതിരെ പ്രതിരോധമുയര്‍ത്തിക്കൊണ്ട് വികസനമാണ് ഉയര്‍ത്തിക്കാട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്നിവര്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്തുകൊണ്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,കെപിസിസി പ്രസിഡന്റ് വി ഡി സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രേന്‍,പി കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ബിജെപിയും ശക്തമായ പ്രചരണമാണ് തൃക്കാക്കര മണ്ഡലത്തില്‍ നടത്തുന്നത്.ചലച്ചിത്രതാരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെയും  പ്രചരണം കൊഴുപ്പിക്കാന്‍ ബിജെപി കളത്തിലിറക്കി.


ഒരോ വീടുകളിലും നേരിട്ടെത്തി വോട്ട് അഭ്യര്‍ഥിക്കുന്ന ശൈലിയാണ് മൂന്നു മുന്നണികളും സ്വീകരിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിനു വേണ്ടി മന്ത്രിമാര്‍ അടക്കം വോട്ടു തേടി വീടുകള്‍ കയറിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനായി എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍,ശശി തരൂര്‍ അടക്കമുള്ള നേതാക്കളും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും വീടുകളിലെത്തി വോട്ട് തേടി.

ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനായി ബിജെപി നേതാക്കളും ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മുന്നു സ്ഥാനാര്‍ഥികളും പരാമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ്.ഒപ്പം മണ്ഡല പര്യടനവും നടത്തുന്നുണ്ട്.മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താം.

Tags:    

Similar News