ക്രൈസ്തവ മുസ് ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക:എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തി

എറണാകുളം ടൗണ്‍ ഹാളിന് സമീപം നടന്ന പ്രതിഷേധ ധര്‍ണ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു

Update: 2021-09-23 09:30 GMT

കൊച്ചി: ക്രൈസ്തവ-മുസ് ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട്‌കൊണ്ട് എസ്ഡിപിഐ എറണാകുളം ടൗണ്‍ ഹാളിന് സമീപം പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.വിവാദ വിഷയത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി, സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിഞ്ഞിരുന്ന സമൂഹങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ദ്ദയുമുണ്ടാക്കിയ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആര്‍ജവം കാണിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.


വര്‍ഗീയതയ്ക്ക് എതിരാണെന്ന് അവകാശപ്പെടുന്നവര്‍ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണ നല്‍കാന്‍ അരമനയ്ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നത് ലജ്ജാകരമാണ്.സമൂഹത്തില്‍ ഛിദ്രതയും വെറുപ്പും സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയ ബിഷപ്പിനെ മഹത്വവല്‍ക്കരിക്കുന്നത്ആപല്‍ക്കരമാണ്. ഒരു മത വിഭാഗത്തെ വര്‍ഗ്ഗീയ വാദികളായും ക്രമിനലുകളായും മുദ്രകുത്തിയ ബിഷപ്പിനെ വെള്ളപൂശാനും സംരക്ഷിക്കാനും സര്‍ക്കാരും സിപിഎമ്മും കാണിക്കുന്ന അമിതോല്‍സാഹം മതേതര കേരളത്തിന് അപമാനമാണ്.


കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പ്രതികളുടെ ജാതിയും മതവും പദവിയും നോക്കി തീര്‍പ്പ് കല്‍പ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ഇരു സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ റോളില്‍ വന്ന് സംഘപരിവാരം മുതലെടുപ്പ് നടത്തുകയാണെന്നും പി ആര്‍ സിയാദ് വ്യക്തമാക്കി.


എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും നടതതിയ പ്രതിഷേധ ധര്‍ണയുടെ ഭാഗമായാണ് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു.


ബിഎസ്പി നേതാവ് സിജികുമാര്‍,വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിതാ നിസാര്‍,എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ്, ഷെമീര്‍ മാഞ്ഞാലി,നിമ്മി നൗഷാദ് .വി എം ഫൈസല്‍,ഹാരിസ് ഉമര്‍ സംസാരിച്ചു.


അജ്മല്‍ കെ മുജീബ്,കെ എ മുഹമ്മദ് ഷമീര്‍, ഫസല്‍ റഹ്മാന്‍,ഷാനവാസ് പുതുക്കാട്,ഷിഹാബ് പടനാട്ട്,സിറാജ് കോയ നേതൃത്വം നല്‍കി.

Tags:    

Similar News