മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും എസ്ഡിപിഐയും ബി.ജെ.പിയും മാർച്ച്‌ നടത്തി.

Update: 2020-09-12 02:51 GMT


തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും എസ്ഡിപിഐയും ബി.ജെ.പിയും മാർച്ച്‌ നടത്തി. മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി. എറണാകുളത്തും കോഴിക്കോടും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു.

ഇന്നലെ രാത്രി ആദ്യം സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കിയും പിന്നീട് ലാത്തിചാർജും നടത്തി. പിന്നാലെ മാർച്ചുമായെത്തിയ ബിജെപി പ്രവർത്തകർക്കു നേരെയും പോലീസ് ലാത്തി വിശി. തുടർന്നുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസിന്‍റെയും ബിജെപിയുടെയും പ്രവർത്തകർക്ക് പരിക്കേറ്റു.

കെ.ടി ജലീന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വസതിയിലേയ്ക്ക് ഇന്നലെ രാത്രി പത്തുമണിയോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. വീടിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കോഴിക്കോട് തൃശൂർ ദേശീയപാത ഉപരോധിച്ചു. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പോലീസ് ലാത്തി വീശി.

എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയ്ക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി. പ്രവര്‍ത്തകര്‍ ജലീലിന്റെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കമ്മീഷണര്‍ ഓഫീസിന്‍റെ കവാടത്തില്‍ വെച്ച് പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി. ജലീലിന്‍റെ കോലം കത്തിച്ചു.

കോഴിക്കോട് സൗത്ത് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മന്ത്രിയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചു. പാലക്കാട് സുൽത്താൻ പേട്ട ജംഗ്ഷനിൽ കെ.എസ്.യു പ്രവർത്തകർ ഏറെ നേരെ റോഡ് ഉപരോധിക്കുകയും ചെയ്തു.

Tags:    

Similar News