മദ്യത്തിന് പകരം കഞ്ചാവിന് പ്രോത്സാഹനം നല്‍കണം: ബിജെപി എംഎല്‍എ

Update: 2022-07-25 10:46 GMT

ബിലാസ്പൂര്‍: മദ്യത്തിന് ബദലായി കഞ്ചാവിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ. ഛത്തീസ്ഗഢ് മസ്തൂരി എംഎല്‍എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ധിയാണ് വിവാദ പരാമര്‍ശം നടത്തിയത്. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ കുറ്റകൃത്യങ്ങളോ പീഡനങ്ങളോ കവര്‍ച്ചയോ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢില്‍ മദ്യ നിരോധനം നടപ്പാക്കുമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ. 'മദ്യമാണ് പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വഴക്കുകള്‍ക്കുമെല്ലാം കാരണം. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ പീഡനമോ കൊലപാതകങ്ങളോ കവര്‍ച്ചയോ നടത്തിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? മദ്യത്തിന് ബദലായി കഞ്ചാവിന്റെ ഉപയോഗത്തിലേക്ക് എത്താനാണ് നോക്കേണ്ടത്. ജനങ്ങള്‍ക്ക് ലഹരി വേണമെങ്കില്‍ അവര്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കാത്ത ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കണം. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്', എന്നും കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു.

രാജ്യത്ത് കഞ്ചാവ് നിയമപരമാക്കണമെന്നാണ് എംഎല്‍എയുടെ ആഗ്രഹമെങ്കില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പരിഹസിച്ചു. 'ഒരു തരത്തിലുള്ള ലഹരി ആസക്തിയും നല്ലതല്ല. കേന്ദ്ര ഏജന്‍സികള്‍ 10 ഗ്രാം കഞ്ചാവ് പിടികൂടാന്‍ മുംബൈയില്‍ അലയുമ്പോഴാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധി കഞ്ചാവിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത്', എന്നും അദ്ദേഹം വിമര്‍ശിച്ചു.

മുന്‍ സംസ്ഥാന ആരോഗ്യ മന്ത്രിയും മൂന്ന് തവണ എംഎല്‍എയായി തെരഞ്ഞടുക്കപ്പെട്ട വ്യക്തിയുമാണ് ഡോ കൃഷ്ണമൂര്‍ത്തി ബന്ധി. അദ്ദേഹത്തേപ്പോലെയുള്ള വ്യക്തിക്ക് എങ്ങനെയാണ് ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ച് സംസാരിക്കാന്‍ കഴിയുന്നതെന്ന് ബിലാസ്പൂര്‍ ജില്ലാ കോണ്‍ഗ്രസ് വക്താവ് അഭയ് നാരായണ്‍ റായ് ചോദിച്ചു.

Tags:    

Similar News