മരടില്‍ നടപടി തുടങ്ങി; ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, പ്രതിഷേധവുമായി ഉടമകള്‍

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. സര്‍ക്കാരിന്റേത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലിസ് സന്നാഹവും നിലയുറപ്പിച്ചിരിക്കുകയാണ്.

Update: 2019-09-26 01:17 GMT

കൊച്ചി: തീരദേശനിയമം ലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. സര്‍ക്കാരിന്റേത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലിസ് സന്നാഹവും നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് അറിയിച്ചവര്‍ പുലര്‍ച്ചെ ഇക്കാര്യം ചെയ്തത് നീതിനിഷേധമാണെന്ന് ഉടമകള്‍ ആരോപിക്കുന്നു.

ഫ്‌ളാറ്റുകളില്‍ വൈദ്യുതിയും കുടിവെള്ളവുമില്ലാത്ത സ്ഥിതിയാണെന്നും ഉടമകള്‍ പറയുന്നു. ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മരട് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ബുധനാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിച്ചിരുന്നു. ജലസേചന വകുപ്പും ഇതുസംബന്ധിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റുടമകള്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാവാതെ വന്നതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചുമരില്‍ പതിക്കുകയായിരുന്നു.

ഇന്നുതന്നെ നാലു ഫ്‌ലാറ്റുകളിലെ ജലവിതരണവും വിച്ഛേദിക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും നഗരസഭ കത്തുനല്‍കിയിട്ടുണ്ട്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് ഏകോപിപ്പിക്കാന്‍ പുതിയ ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയെ നീക്കി ഐഎഎസ് ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍കുമാറിനാണ് ചുമതല നല്‍കിയിരിക്കുന്നത്. പാചകവാതക കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും ഇന്നുണ്ടാവും. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ജലവിതരണം നിര്‍ത്തലാക്കണമെന്നാണ് നഗരസഭാ നിര്‍ദേശം. എന്നാല്‍, ഫ്‌ളാറ്റുകളില്‍നിന്ന് മാറില്ലെന്ന നിലപാടിലുറച്ചുതന്നെയാണ് ഉടമകളും.

Tags:    

Similar News