തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍: പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം അനാവശ്യം-സിപിഎം

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ ദുരീകരിക്കുന്നതിനുള്ള നയപരമായ നടപടികള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള രാഷ്ട്രീയ പാര്‍ടികളുടെ അവകാശം ഇല്ലാതാക്കാനും അതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുമുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുതായും സിപിഎം പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Update: 2022-10-05 16:36 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് എങ്ങനെ ധനസഹായം കണ്ടെത്തുമെന്നും അത് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും വെളിപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ടികളെ നിര്‍ബന്ധിതമാക്കുന്ന തരത്തില്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം തികച്ചും അനാവശ്യമായ ഒന്നാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഭരണഘടന തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന ചുമതല. രാഷ്ട്രീയ പാര്‍ടികള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ നടപടികളും പരിശോധിക്കാനുള്ള ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനില്ല. ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ടികളുടെ അവകാശമാണത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ തീരുമാനങ്ങള്‍ നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ അത് അമിതാധികാര പ്രയോഗമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രിലില്‍ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എക്‌സിക്യൂട്ടീവിന്റെ സമ്മര്‍ദ്ദം മൂലമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ ദുരീകരിക്കുന്നതിനുള്ള നയപരമായ നടപടികള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള രാഷ്ട്രീയ പാര്‍ടികളുടെ അവകാശം ഇല്ലാതാക്കാനും അതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുമുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുതായും സിപിഎം പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News