കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ ചോദ്യം ചെയ്ത് ഇഡി

Update: 2022-04-07 12:53 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി ഉമര്‍ അബ്ദുല്ല ഡല്‍ഹിിയിലെ ഇഡിയുടെ ആസ്ഥാനത്തേക്ക് എത്തുകയായിരുന്നു. അദ്ദേഹം ബാങ്കില്‍ നിയമിച്ച ചില ഡയറക്ടറുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ഉമര്‍ അബ്ദുല്ലയുടെ പങ്ക് അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 12 വര്‍ഷം മുന്‍പത്തെ കേസിലാണ് നടപടി. സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിബിഐ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ഉമര്‍ അബ്ദുല്ലയെ ചോദ്യം ചെയ്യുന്നത്.

വായ്പാ വിതരണത്തിലെ ക്രമക്കേട്, നിയമനങ്ങളിലെ സ്വജനപക്ഷപാതം, ബാങ്കിന്റെ പ്രവര്‍ത്തനം എന്നിവയില്‍ 2019 മുതല്‍ ജമ്മു കശ്മീര്‍ ബാങ്ക് അന്വേഷണം നേരിടുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് കേന്ദ്രം ആഗസ്ത് 5ന് പ്രഖ്യാപിച്ച വര്‍ഷത്തില്‍ ബാങ്കിനും അതിന്റെ ഭാരവാഹികള്‍ക്കുമെതിരേ ജമ്മു കശ്മീരിലെ അഴിമതി വിരുദ്ധ ബ്യൂറോ കേസ് ഫയല്‍ ചെയ്തിരുന്നു. കൂടാതെ ഈ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തില്‍ അതേ വര്‍ഷം തന്നെ കള്ളപ്പണം വെളുപ്പിച്ചതിന് ഇഡി കേസെടുത്തു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയെയും ഏജന്‍സി വിളിച്ചുവരുത്തിയിരുന്നു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ ശീലമാക്കിയിരിക്കുകയാണ്, ഇത് അതേ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ആരോപിച്ചു. ബിജെപിക്കെതിരേ എതിര്‍പ്പ് ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും കേന്ദ്രം ഒഴിവാക്കിയിട്ടില്ല, ഇഡി, സിബിഐ, എന്‍ഐഎ, എന്‍സിബി എല്ലാ ഏജന്‍സികളെയും രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിച്ചെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ആരോപിച്ചു. 2019 ആഗസ്ത് 5ലെ തീരുമാനങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീര്‍ ബാങ്ക് ചെയര്‍മാന്‍ പര്‍വേസ് അഹമ്മദിനെ കേന്ദ്രം നീക്കം ചെയ്തിരുന്നു. മികച്ച ഭരണത്തിനായി ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ വേര്‍തിരിക്കാനും ഉയര്‍ന്ന സാമ്പത്തിക ശേഷി ഉറപ്പാക്കാനും ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Tags:    

Similar News