മാസപ്പടി ആരോപണം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ മാരത്തണ്‍ ചോദ്യം ചെയ്യലുമായി ഇഡി

Update: 2024-04-16 05:23 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി ആരോപണക്കേസില്‍ കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മാരത്തണ്‍ ചോദ്യംചെയ്യല്‍ തുടരുന്നു. കമ്പനി ചീഫ് ഫിനാന്‍സ് ഓഫിസര്‍ കെഎസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്‍, സീനിയര്‍ ഐടി ഓഫിസര്‍ അഞ്ജു എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നത്. 20 മണിക്കൂറിലേറെയായി ഇവരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടി. സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അ്‌ദേഹം ഹാജരായില്ല. നേരത്തേ, ഇഡിയുടെ സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന ശശിധരന്‍ കര്‍ത്തയുടെ ആവശ്യം തള്ളിയിരുന്നു.

    വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സോഫ്റ്റ്‌വെയര്‍ സേവനത്തിന്റെ പേരില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. കൂടാതെ വായ്പ എന്ന പേരിലും അരക്കോടിയോളം നല്‍കിയെന്നാണ് ആരോപണം. തുടര്‍ന്ന് കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്.

Tags:    

Similar News