എസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഇഡിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി എം വി ഗോവിന്ദന്‍

Update: 2023-09-22 10:56 GMT

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്‍ മന്ത്രി എ സി മൊയ്തീനെതിരെ തെളിവുണ്ടാക്കാന്‍ വേണ്ടി ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചവരെ പലരെയും ഭീഷണിപ്പെടുത്തിയെന്നും കൊല്ലുമെന്ന് പറഞ്ഞതായും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കരുവന്നൂരില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇഡി അന്വേഷണത്തിന്റെ പേരില്‍, തട്ടിപ്പിനു പിന്നില്‍ പാര്‍ട്ടി നേതൃത്വമാണെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നത്.

    സംസ്ഥാന സമിതി അംഗം എ സി മൊയ്തീന്റെ വീട് റെയ്ഡ് ചെയ്തു. അദ്ദേഹത്തെ ചോദ്യം ചെയ്തു. എന്നിട്ടും ഒരു തെളിവും അവര്‍ക്ക് മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തെളിവുണ്ടാക്കാന്‍ വേണ്ടി ചിലരെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് എസി മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തി. മൊയ്തീന്‍ പണം ചാക്കില്‍ക്കെട്ടി കൊണ്ടുപോവുന്നത് കണ്ടെന്ന് പറയാനാണ് ആവശ്യപ്പെട്ടത്. ഒരു മുറി കാണിച്ച് നല്‍കി, അവിടെവച്ച് എന്തുംചെയ്യാന്‍ സാധിക്കുമെന്നും പുറംലോകം കാണില്ലെന്നും ഭീഷണിപ്പെടുത്തി. മകളുടെ വിവാഹ നിശ്ചയം നടക്കില്ലെന്നാണ് അരവിന്ദനോട് പറഞ്ഞത്. ഇഡി ബലപ്രയോഗം നടത്തി. കൊല്ലുമെന്ന് പറഞ്ഞു. ചരിത്രത്തിലില്ലാത്ത സംഭവമാണ് നടന്നത്. ആളുകളെ ആക്രമിക്കുകയും കുതിരകയറുകയും ചെയ്തു. ഉത്തരേന്ത്യയില്‍ നിന്ന് വന്ന ഉദ്യോഗസ്ഥരുടെ അടക്കമുള്ള ഒരു കൂട്ടായ ശ്രമമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

    കരുവന്നൂരിലെ ഇഡി ഇടപെടല്‍ യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിനും സഹകരണ പ്രസ്ഥാനത്തിനുമെതിരായ കടന്നുകയറ്റമാണ്. ഇതിനെ ശക്തമായി എതിര്‍ത്ത് മുന്നോട്ടുപോവേണ്ടതുണ്ട്. സഹകാരികള്‍ അതിന് മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹകരണ സംഘങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണ്. സുപ്രിംകോടതി ഇടപെടല്‍ കൊണ്ടാണ് ഒരു ഘട്ടത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ പിടിച്ചുനിന്നത്. നോട്ട് നിരോധന ഘട്ടത്തില്‍ സഹകരണസംഘങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണത ശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടലോടെയാണ് ആ പ്രതിസന്ധി അവസാനിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.

Tags: