മതപരിവര്‍ത്തന കേസ്: യുപിയിലും ഡല്‍ഹിയിലും ഇഡി റെയ്ഡ്

യുപിയില്‍ അടുത്തിടെ മുസ്‌ലിം പണ്ഡിതനായ ഉമര്‍ ഗൗതം ഉള്‍പ്പെടെയുള്ള ചിലരെ പോലിസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നു. നിര്‍ബന്ധിത മതംമാറ്റം നടത്തി എന്നാണ് ഉമര്‍ ഗൗതമിനും അദ്ദേഹത്തിന്റെ സംഘടനയ്ക്കുമെതിരായ ആരോപണം.

Update: 2021-07-03 15:25 GMT
ന്യൂഡല്‍ഹി: യുപിയിലെ മതപരിവര്‍ത്തന കേസുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഡല്‍ഹി, യുപി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്.

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായവും ഫണ്ടും മതംമാറ്റത്തിന് വേണ്ടി ലഭിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ അവകാശവാദം. യുപിയില്‍ അടുത്തിടെ മുസ്‌ലിം പണ്ഡിതനായ ഉമര്‍ ഗൗതം ഉള്‍പ്പെടെയുള്ള ചിലരെ പോലിസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നു. നിര്‍ബന്ധിത മതംമാറ്റം നടത്തി എന്നാണ് ഉമര്‍ ഗൗതമിനും അദ്ദേഹത്തിന്റെ സംഘടനയ്ക്കുമെതിരായ ആരോപണം.

പ്രതികള്‍ക്ക് വിദേശ ഫണ്ട് ലഭിച്ചെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. മുഹമ്മദ് ഉമര്‍ ഗൗതമിന്റെ സംഘടനയാണ് ഇസ്‌ലാമിക് ദഅ്‌വാ സെന്റര്‍. ഇദ്ദേഹത്തിന്റെ സഹായി മുഫ്തി ഖാസി ജഹാംഗീറും കേസില്‍ പ്രതിയാണ്. ഡല്‍ഹിയിലെ ജാമിയ നഗറിലാണ് ഇന്ന് പ്രധാനമായും ഇഡി റെയ്ഡ് നടത്തിയത്. ലഖ്‌നൗവിലെ അല്‍ ഹസന്‍ എജ്യുക്കേഷന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഗൈഡന്‍സ് എജ്യുക്കേഷന്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

നിര്‍ബന്ധിത മതംമാറ്റത്തിന് വേണ്ടി ഉമര്‍ ഗൗതമിന്റെ സംഘടന ശ്രമിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രതികള്‍ക്കെതിരെ ഇഡി എടുത്തത് കഴിഞ്ഞ മാസമാണ്. ഉത്തര്‍ പ്രദേശിലെ തീവ്രവാദ വിരുദ്ധ സേനയുടെ ചില കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് ഇഡി കേസെടുത്തത്. ഉമര്‍ ഗൗതം, അസ്‌ലം ഖാസിമി എന്നിവരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ്‌ഐയുടെയും മറ്റു വിദേശ സംഘടനകളുടെയും ഫണ്ട് സ്വീകരിച്ചു എന്നാണ് ഇവര്‍ക്കെതിരായ ആരോപണം. എന്നാല്‍ എടിഎസിന്റെ ആരോപണം തള്ളി ഇവരുടെ കുടുംബവും മുസ്‌ലിം സംഘടനകളും മുന്നോട്ട് വന്നിരുന്നു.

Tags:    

Similar News