എഎപി എംഎല്‍എ അമാനത്തുല്ലാ ഖാന്‍ അറസ്റ്റില്‍

Update: 2024-09-02 11:23 GMT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുല്ലാ ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഓഖ്‌ലയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. വഖ്ഫ് ബോര്‍ഡിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ ഖാനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും ഖാന്റെ പേരിലുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഖാന് പലവട്ടം ഇഡി സമന്‍സ് അയച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരാവാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 'ബിജെപിക്കെതിരായ ഓരോ ശബ്ദവും അവര്‍ അടിച്ചമര്‍ത്തുകയാണ്' എന്ന് എഎപി നേതാവ് മനീഷ് സിസോദിയ എക്‌സില്‍ കുറിച്ചു.

Tags: