രാഹുലിനെതിരായ ഇ ഡി നടപടി:പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്;ജന്തര്‍മന്ദിറിലേക്കുള്ള വഴികള്‍ അടച്ച് പോലിസ്

രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും

Update: 2022-06-20 05:54 GMT

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യാനിരിക്കേ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്.ജന്തര്‍ മന്ദിറില്‍ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.ജന്തര്‍ മന്ദിറിലേക്കുള്ള എല്ലാ വഴികളും പോലിസ് അടച്ചു.

ഇതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.പലയിടത്തും പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടക്കുകയാണ്.എംപിമാരെയടക്കം പോലിസ് തടഞ്ഞു.പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ എംപിമാരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

നാലാം തവണയാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാനായി ഇ ഡി വിളിച്ച് വരുത്തുന്നത്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് രാഹുലിന്റെ അഭ്യര്‍ഥന മാനിച്ച് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.മൂന്ന് തവണ ചോദ്യം ചെയ്തിട്ടും രാഹുലിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇ ഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

2012 ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇ ഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നണ് കേസിന് ആസ്പദമായ പരാതി.

രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും.

Tags: