മോദിയുടെ പെരുമാറ്റച്ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2019-06-10 17:28 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണസമയത്തു മോദിയടക്കമുള്ള നേതാക്കള്‍ നടത്തിയ പെരുമാറ്റച്ചട്ടലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിയടക്കമുള്ള നേതാക്കള്‍ നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെയും തുടര്‍നടപടികളുടെയും ക്ലീന്‍ ചിറ്റ് നല്‍കിയവയുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം നല്‍കിയ ഹരജിയിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ട പ്രദേശങ്ങളിലെ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നതെന്നും ഇവയുടെ ശേഖരം ലഭ്യമല്ലെന്നും കാണിച്ചാണ് കമ്മീഷന്‍ മറുപടി നിഷേധിച്ചത്. ഇത്തരം പരാതികള്‍ ഏകീകരിച്ചല്ല കൈകകാര്യം ചെയ്യുന്നതെന്നും ഇതിനാല്‍ കണക്കുകള്‍ ലഭ്യമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരേ നടപടി കൈക്കൊള്ളുന്നതുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായ ഭിന്നതയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും നിരവധി തവണ ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗമായ അശോക് ലവാസ കമ്മീഷന്‍ യോഗങ്ങളില്‍നിന്നു രണ്ടാഴ്ചയോളം വിട്ടുനിന്നിരുന്നു. ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തിനാല്‍ താന്‍ ഫുള്‍ കമ്മീഷന്‍ സിറ്റിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ലവാസ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തും നല്‍കിയിരുന്നു.

ഇതോടെ സമവായത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രമം നടത്തിയിരുന്നു. ഭിന്നത പരസ്യമാക്കരുതെന്നും തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സഹകരിക്കണമെന്നും കാണിച്ച് അശോക് ലവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രണ്ട് കത്തുകള്‍ നല്‍കി. ആഭ്യന്തര വിയോജിപ്പുകള്‍ ഒത്തുതീര്‍ക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി മുന്നോട്ടുകൊണ്ടുപോവാന്‍ സഹകരിക്കണമെന്നുമായിരുന്നു കത്തുകള്‍. ഇതിന്റെയെല്ലാം വിവരങ്ങള്‍ ആവശ്യപ്പെട്ടു നല്‍കിയ ഹരജിയിലാണ് കമ്മീഷന്‍ മറുപടി നല്‍കാനാവില്ലെന്നറിയിച്ചത്.  

Tags:    

Similar News