സ്വപ്‌നയുടെ രഹസ്യമൊഴി:ഇ ഡി ക്കു മുന്നില്‍ ഷാജ് കിരണും ക്രൈംബ്രാഞ്ചിനു മുന്നില്‍ സ്വപ്‌ന സുരേഷും ഹാജരായി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്കുവേണ്ടി ഇടനിലക്കാരനായി ഷാജ് കിരണ്‍ തന്നെ സമീപിച്ചുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.ഗൂഢാലോചനക്കേസില്‍ എറണാകുളം പോലിസ് ക്ലബ്ബിലാണ് സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്

Update: 2022-07-05 06:42 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്കുവേണ്ടി ഇടനിലക്കാരനായെത്തിയെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണ്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റിനു മുന്നിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിനു മുന്നിലും ഹാജരായി.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്കുവേണ്ടി ഇടനിലക്കാരനായി ഷാജ് കിരണ്‍ തന്നെ സമീപിച്ചുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.

നേരത്തെ കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയിരുന്നു . മുഖ്യമന്ത്രി,മുഖ്യമന്ത്രിയുടെ മകള്‍,മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍,മുന്‍ മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതായി സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ഷാജ് കിരണ്‍ തന്നെ സമീപിച്ചതെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.സ്വപ്‌നയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് ഇ ഡി ഷാജ് കിരണിനോട് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.ഷാജ് കിരണിനൊപ്പം ഇബ്രാഹിമും ഇ ഡിയുടെ നിര്‍ദ്ദേശ പ്രകാരം കൊച്ചി ഓഫിസില്‍ ഹാജരായിട്ടുണ്ട്.

ഇ ഡി യുടെ നോട്ടീസ് പ്രകാരമാണ് താന്‍ ഹാജരാകാനെത്തിയിരിക്കുന്നതെന്ന് ഷാജ് കിരണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഏതു കേസിലാണെന്ന് തനിക്കറിയില്ല. രാവിലെ 11 ന് ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം.തനിക്ക് മറയ്ക്കാനൊന്നുമില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു.തന്റെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങള്‍ ഇ ഡി ക്കു കൈമാറും.വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനും നല്‍കിയിട്ടുണ്ടെന്നും ഷാജ് കിരണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേ സമയം ഗൂഢാലോചനക്കേസില്‍ എറണാകുളം പോലിസ് ക്ലബ്ബിലാണ് സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.രാവിലെ 11 ഓടെ സ്വപ്‌ന സുരേഷ് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായി.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കുകയും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തയതിനും പിന്നാലെയാണ് മുന്‍ മന്ത്രി കെ ടി ജലീല്‍ സ്വപ്‌നയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തിരുന്നു.

Tags:    

Similar News