എന്റെ അകക്കണ്ണ് നഷ്ടപ്പെട്ടു: ഇ അബൂബക്കര്‍

ഈ സംഘടനയില്‍ എത്ര വേണമെങ്കിലും ഇ അബൂബക്കര്‍മാരെ കിട്ടും. പക്ഷേ, എ സഈദ് എന്നു പറയുന്ന ഒരേയൊരാള്‍ മാത്രമേ ഉള്ളൂ.

Update: 2019-04-03 09:54 GMT
എടവണ്ണ: തനിക്കും സംഘടനയ്ക്കും അകക്കണ്ണാണ് നഷ്ടപ്പെട്ടതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിന്റെ ഭൗതികശരീരം ഖബറടക്കിയ ശേഷം എടവണ്ണ ടൗണില്‍ നടത്തിയ അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി എനിക്ക് ഭയങ്കര നഷ്ടമാണ്. സംഘടനയെ സംബന്ധിച്ചത്തോളം അകക്കണ്ണ് നഷ്ടപ്പെട്ട പ്രതീതിയാണുള്ളത്. അദ്ദേഹം സംഘടനയില്‍ വന്നതുമുതല്‍ മരിക്കുവോളം സഹവസിച്ചിട്ടുണ്ട്. ഏല്‍പ്പിച്ച ഏതൊരു ഉത്തരവാദിത്തവും ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ഒരിക്കല്‍പോലും എനിക്കത് പറ്റില്ല എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. പഠനമായാലും അന്വേഷണമായാലും ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. മരിക്കുന്നത് ഏതാനും ദിവസം മുമ്പ് വരെ ഇത് ചെയ്തു. ഈ സംഘടനയില്‍ എത്ര വേണമെങ്കിലും ഇ അബൂബക്കര്‍മാരെ കിട്ടും. പക്ഷേ, എ സഈദ് എന്നു പറയുന്ന ഒരേയൊരാള്‍ മാത്രമേ ഉള്ളൂ. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. പക്ഷേ, നമ്മള്‍ ഇപ്പോഴുണ്ട്. ഇന്‍ഷാ അല്ലാഹ് വേറെ സഈദുമാര്‍ ഇഷ്ടംപോലെ ഈ പ്രസ്ഥാനത്തില്‍ ഉണ്ടാവട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഉണ്ടാവുമെന്ന് നാം പ്രതീക്ഷിക്കുകയാണ്. ഖുര്‍ആനിന്റെ സമകാലിക വായന എന്ന നിലയില്‍ അദ്ദേഹം വളരെയധികം വിജയിച്ചിട്ടുണ്ടായിരുന്നു. അത് തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. അവസാനസമയത്ത് വരെയും അദ്ദേഹത്തിന്റെ കൈകള്‍ എപ്പോഴും എഴുതിക്കൊണ്ടേയിരിക്കുമായിരുന്നു. ദീനുല്‍ ഹഖ് എന്ന അദ്ദേഹത്തിന്റെ സവിശേഷമായ ഒരു വിഷയമുണ്ടായിരുന്നു. ദീനുല്‍ ഹഖ് എന്നതില്‍ സാമ്പ്രദായികമായി എല്ലാവരും പറയുന്നതില്‍നിന്നു വ്യത്യസ്തമായി വിപ്ലവകരവും നൂതനവുമായ കാഴ്ചപ്പാട് അവതരിപ്പിച്ചിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെങ്കിലും അതിന്റെ ഒരു സിനോപ്‌സിസ് എല്ലാവരുടെയും കൈയിലുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അത് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും ഇ അബൂബക്കര്‍ പറഞ്ഞു.


Tags:    

Similar News