ഫ്‌ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും ലഹരിക്കടിമകള്‍, ഫ്‌ലാറ്റില്‍ മയക്കുമരുന്ന് ഉപയോഗം പതിവ്

കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഈ ഇടപാടിലെ തര്‍ക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പോലിസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രതി അര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നും കാസര്‍കോട് പോലിസ് പിടികൂടുമ്പോള്‍ ലഹരി പദാര്‍ത്ഥങ്ങളും ബാഗില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

Update: 2022-08-17 09:51 GMT

കൊച്ചി: കാക്കനാട് ഫ്‌ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഈ ഇടപാടിലെ തര്‍ക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പോലിസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രതി അര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നും കാസര്‍കോട് പോലിസ് പിടികൂടുമ്പോള്‍ ലഹരി പദാര്‍ത്ഥങ്ങളും ബാഗില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. പ്രതി അര്‍ഷാദിന് എതിരേ കൊണ്ടോട്ടിയില്‍ ഒരു മോഷണകേസ് കൂടിയുണ്ടെന്നും പോലിസ് അറിയിച്ചു.

രണ്ടുദിവസം മുമ്പാണ് സജീവ് കൃഷ്ണനെ കൊലപ്പെടുത്തുന്നത്. പ്രതി അര്‍ഷാദിനെ കാസര്‍കോടു നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാന്‍ പറ്റുന്ന സാധാരണ അവസ്ഥയിലല്ല. മെഡിക്കല്‍ സഹായം ഉള്‍പ്പെടെ ഉപയോഗിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമം നടത്തുകയാണ്. കൊലപാതകം സംബന്ധിച്ച് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് കമ്മീഷണര്‍ പറഞ്ഞു.

ഫ്‌ലാറ്റിലെ മുറിയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നു കണ്ടെടുത്തിട്ടില്ല. സിന്തറ്റിക് ലഹരിവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും അവിടത്തെ മണവും മറ്റും മയക്കുമരുന്നിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. ഫ്‌ലാറ്റില്‍ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോഗം ഉണ്ടായിരുന്നതായാണ് മനസ്സിലാകുന്നത്. കാക്കനാട്ടിലെ ഫ്‌ലാറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. മദ്യപിച്ച് ബഹളം കൂട്ടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കിയില്ല. ഫ്‌ലാറ്റില്‍ സിസിടിവി ഉണ്ടായിരുന്നില്ലെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

സംഭവസമയത്ത് അല്ലെങ്കിലും കൊലപാതകം നടന്ന ഫ്‌ലാറ്റില്‍ പലരും വരികയും പോവുകയും ചെയ്തിരുന്നു. ബന്ധപ്പെട്ടവര്‍ ഇതൊന്നും പൊലീസിനെ അറിയിച്ചില്ല. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ പൊലീസിനെ അറിയിക്കണം. അറിയിച്ചാല്‍ പൊലീസ് റെയ്ഡ് നടത്തും. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാകും. താമസസ്ഥലങ്ങളിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റെസിഡന്‍സ് അസോസിയേഷനുകളോട് നേരത്തെ അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

കൊലപാതക വിവരം പുറത്തറിഞ്ഞതോടെയാണ് അര്‍ഷാദ് മുങ്ങിയത്. മഞ്ചേശ്വരത്തുവെച്ച് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അര്‍ഷാദിനെ പൊലീസ് പിടികൂടുന്നത്. ഇരുചക്രവാഹനത്തില്‍ സുഹൃത്തിനൊപ്പം റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ നാഹനത്തില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അര്‍ഷാദിനെ പിടികൂടുന്നത്.

ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് എസ്പി ഓഫീസിലുള്ള അര്‍ഷാദിനെ അര്‍ധരാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. ഇന്നലെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശി സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ (23) ശരീരത്തില്‍ 20ഓളം മുറിവുകളുണ്ട്.

Tags:    

Similar News