ഡോ.എം ഗംഗാധരന്‍: മലബാര്‍ സമരത്തെ സൂക്ഷ്മമായി വിലയിരുത്തിയ ചരിത്രകാരനെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2022-02-08 16:25 GMT

കോഴിക്കോട്: ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ മാഷിന്റെ വേര്‍പാടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അനുശോചിച്ചു. മലബാര്‍ സമരത്തെ സൂക്ഷ്മമായി വിലയിരുത്തുകയും നിഷ്പക്ഷമായി തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത ചരിത്രകാരനായിരുന്നു ഗംഗാധരന്‍ മാഷ്. 1986ല്‍ മലബാര്‍ സമരത്തെ കുറിച്ചുള്ള പ്രബന്ധത്തിനു കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി.

കേരളാ ചരിത്രത്തില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് എഴുതിയ ചരിത്രങ്ങളെ ഖണ്ഡിക്കുന്ന ചരിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഗംഗാധരന്‍ മാഷിന്റെ മലബാര്‍ പഠനങ്ങള്‍, മലബാറിലെ മമ്പുറം തങ്ങന്മാര്‍ അടക്കമുള്ള നവോത്ഥാന നായകരെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ ഇതെല്ലാം പിന്നീട് കേരളീയ ചരിത്രത്തിന്റെ ഭാഗമായി മാറി. യഥാര്‍ത്ഥ ചരിത്രം മലയാളിക്ക് തുറന്നു കാണിക്കുന്നതില്‍ ഗംഗാധരന്‍ മാഷിന്റെ പങ്ക് വളരെ വലുതാണ്.

മലബാറില്‍ ജീവിച്ച് വളര്‍ന്ന ഒരു വ്യക്തിയെന്ന നിലയില്‍ മലബാറിലെ മാപ്പിള സമുദായത്തെ കുറിച്ചും അന്നത്തെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിലും അവതരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ഗംഗാധരന്‍ മാഷിന്റെ വേര്‍പാടില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു.

Tags: