അര്‍ദ്ധരാത്രി വരെ അനിശ്ചിതത്വം; അവസാനം ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി

പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ കഴിഞ്ഞ ആറ് മാസമായി മഥുര ജയിലില്‍ തടവിലാണ് കഫീല്‍ ഖാന്‍.

Update: 2020-09-02 02:13 GMT

ലഖ്‌നൗ: ഹൈക്കോടതി ഉത്തരവിന് ശേഷവും ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഡോ. കഫീല്‍ ഖാന്‍ അര്‍ദ്ധരാത്രിയില്‍ ജയില്‍ മോചിതനായി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് കോടതി ഉത്തരവിട്ടിരുന്നു. കഫീല്‍ ഖാന് മേല്‍ ചുമത്തിയ ദേശീയ സുരക്ഷാ നിയമം എടുത്ത് മാറ്റിയ കോടതി, അദ്ദേഹത്തെ ഉടന്‍ പുറത്തു വിടണമെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാറിനോട് ഉത്തരവിട്ടു. എന്നാല്‍, ജയില്‍ അധികൃതര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജയില്‍ മോചനം വൈകിപ്പിക്കുകയായിരുന്നു. ജയില്‍ മോചനത്തിന് വേണ്ടി ജയില്‍ അധികാരികളെ സമീപിച്ചവരോട്് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ജയിലിലെത്തിയിട്ടില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ജില്ലാ മജിസ്‌ട്രേറ്റാവട്ടെ തനിക്ക് ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. ഇതോടെ രാത്രി തന്നെ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകരും അറിയിച്ചു. ഇതിനുള്ള നീക്കവും ആരംഭിച്ചു. കുടുംബം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതോടെ ജയില്‍ അധികൃതര്‍ കഫീല്‍ഖാനെ മോചിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു.

പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ കഴിഞ്ഞ ആറ് മാസമായി മഥുര ജയിലില്‍ തടവിലാണ് കഫീല്‍ ഖാന്‍. സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സര്‍വകലാശാലയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് മുംബൈയില്‍ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്. സര്‍വ്വകലാശാലയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ യുപി പോലീസ് കഫീല്‍ ഖാന് മേല്‍ എന്‍എസ്എ ചുമത്തുകയായും ചെയ്തു.

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കഫീല്‍ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രധാന വിധി പ്രസ്താവിച്ചത്. കഫീല്‍ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാടി എസ്എ ബോബ്‌ഡെ അടങ്ങിയ ബെഞ്ച് കഫീല്‍ ഖാന്റെ മാതാവ് നുസ്രത്ത് പര്‍വീന്റെ ആവശ്യം തള്ളിയിരുന്നു. കേസില്‍ 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നും സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

Tags:    

Similar News