രാഷ്ട്രീയഭാവി ഇല്ലാതാവുന്നത് കാര്യമാക്കുന്നില്ല; എന്നാലും സത്യം പറയും: ചൈനീസ് വിഷയത്തില്‍ രാഹുല്‍

കേന്ദ്രസര്‍ക്കാര്‍ സത്യം മൂടിവയ്ക്കുകയാണെന്നും ഇന്ത്യന്‍ മണ്ണ് കൈയ്യേറാന്‍ അനുവദിക്കുന്നത് രാജ്യദ്രോഹമാണെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുന്നതാണ് രാജ്യസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-07-27 08:56 GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രദേശങ്ങള്‍ ചൈന കൈയേറിയെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ സത്യം മൂടിവയ്ക്കുകയാണെന്നും ഇന്ത്യന്‍ മണ്ണ് കൈയ്യേറാന്‍ അനുവദിക്കുന്നത് രാജ്യദ്രോഹമാണെന്നും അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുന്നതാണ് രാജ്യസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള തന്റെ നിലപാട് ആവര്‍ത്തിച്ചത്.

ചൈനീസ് കടന്നു കയറ്റത്തില്‍ പ്രധാനമന്ത്രിക്ക് നേരെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന ബിജെപി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചൈന നമ്മുടെ ഭാഗത്ത് കടന്നുകയറ്റം നടത്തിയെന്ന് വ്യക്തമാണ്. തന്നെയിത് അസ്വസ്ഥനാക്കുകയും രക്തിം തിളപ്പിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് മറ്റൊരു രാജ്യത്തിന് നമ്മുടെ മണ്ണില്‍ കടന്നു കയറാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍ പഠനവിധേയമാക്കിയും മുന്‍ സൈനികരില്‍നിന്നു ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് താനിത് തറപ്പിച്ച് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതായാലും താന്‍ നുണ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണപറയുന്നവര്‍ രാജ്യസ്‌നേഹികളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ രാഷ്ട്രീയഭാവി പകരം കൊടുക്കേണ്ടിവന്നേക്കാം, പക്ഷെ താന്‍ ഇക്കാര്യത്തില്‍ സത്യം മാത്രമേ പറയുകയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറയുന്നു.ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍നിര്‍ത്തി രാഹുല്‍ഗാന്ധി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച നാലാമെത്തെ വീഡിയോ ആണിത്.


Tags:    

Similar News