ഇറാനെ സഹായിച്ചാല്‍ ചൈനക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

Update: 2026-04-12 15:52 GMT

മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ ചൈന ഇറാന് സൈനിക സഹായം നല്‍കിയാല്‍, അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 'അമ്പരപ്പിക്കുന്ന' പുതിയ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തി.

'അവര്‍ അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍, അവര്‍ക്ക് 50 ശതമാനം തീരുവ ചുമത്തും, അത് അതിശയിപ്പിക്കുന്ന തുകയാണ്'. ട്രംപ് ഫോക്‌സ് ന്യൂസ് ഷോയില്‍ പറഞ്ഞു.

'ഒരു ദിവസം കൊണ്ട് എനിക്ക് ഇറാനെ നശിപ്പിക്കാന്‍ കഴിയും. അവരുടെ മുഴുവന്‍ ഊര്‍ജ്ജവും, അവരുടെ ഓരോ പ്ലാന്റുകളും, അവരുടെ വൈദ്യുതോല്‍പാദന പ്ലാന്റുകളും എനിക്ക് സ്വന്തമാക്കാന്‍ കഴിയും, അത് ഒരു വലിയ കാര്യമാണ്'. ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള യുദ്ധം കാരണം നേരത്തെ നടക്കേണ്ടിയിരുന്ന ഉച്ചകോടി മാറ്റിവച്ചിരുന്നു. ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്താന്‍ യുഎസ് പ്രതിനിധി സംഘം അടുത്ത മാസം ബീജിംഗ് സന്ദര്‍ശിക്കും.

ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തടയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച യുഎസ് നാവികസേനയോട് ഉത്തരവിട്ടു. ഇത് മേഖലയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ഹോര്‍മുസ് ജലപാതയിലെ ഗതാഗതത്തില്‍ പൂര്‍ണ്ണ നിയന്ത്രണമേര്‍പ്പെടുത്തിയതായും അതിനെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന ഏതൊരു എതിരാളിയെയും 'തെറ്റായ നീക്കം നടത്തിയാല്‍ കടലിടുക്കിലെ മാരകമായ ഒരു ചുഴലിക്കാറ്റില്‍' കുടുക്കുമെന്ന് റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

Tags: