രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ; മന്‍മോഹന്‍ സിങിന് സീറ്റില്ല

എംഡിഎംകെ നേതാവ് വൈക്കോ, മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പി വില്‍സണ്‍, തൊഴിലാളി നേതാവ് എം ഷണ്‍മുഖന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

Update: 2019-07-01 07:11 GMT

ചെന്നൈ: രാജ്യസഭയിലേക്ക് തമിഴ്‌നാട്ടില്‍നിന്നു ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ. മന്‍മോഹന്‍ സിങിന് സീറ്റ് നല്‍കണമെന്ന കോണ്‍ഗ്രസ് അഭ്യര്‍ഥന തള്ളിയാണ് ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എംഡിഎംകെ നേതാവ് വൈക്കോ, മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പി വില്‍സണ്‍, തൊഴിലാളി നേതാവ് എം ഷണ്‍മുഖന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

15 വര്‍ഷത്തിന് ശേഷമാണ് എംഡിഎംകെ നേതാവ് വൈക്കോ പാര്‍ലമന്റ് അംഗമാവാന്‍ പോകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ധാരണ പ്രകാരമാണ് വൈക്കോയ്ക്ക് സീറ്റ് നല്‍കിയത്.

അസമില്‍ നിന്നായിരുന്നു മന്‍മോഹന്‍ സിങ് കഴിഞ്ഞ തവണകളില്‍ രാജ്യസഭ അംഗമായത്. നിലവിലെ സാഹചര്യത്തില്‍ അസമില്‍ നിന്ന് മന്‍മോഹന്‍ സിങിനെ രാജ്യസഭയിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഡിഎംകെയുടെ സഹായം തേടിയിരുന്നത്.വിജയ സാധ്യതയുള്ള മൂന്ന് സീറ്റിലേക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതോടെ ഈ സാധ്യത അടഞ്ഞു.

രാജ്യസഭാ സീറ്റിനു പകരം അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നങ്കുന്നേരി സീറ്റ് വിട്ടുനല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് ഡിഎംകെയ്ക്കു മുന്നില്‍ വെച്ച നിര്‍ദേശം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏഴ് എംഎല്‍എമാര്‍ മാത്രമാണുള്ളത്. അസമിലെ 126 അംഗ നിയമസഭയില്‍ 25 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്.

Tags:    

Similar News