എംജിയില്‍ ദലിത് ഗവേഷക വിദ്യാര്‍ഥിനിയോട് വിവേചനം: കലക്ടര്‍ക്ക് നിവേദനം നല്‍കി ദലിത് സംയുക്തവേദി നേതാക്കള്‍

ഗവേഷക വിദ്യാര്‍ഥിനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കണമെന്നും ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും നേതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Update: 2021-11-05 09:20 GMT
എംജിയില്‍ ദലിത് ഗവേഷക വിദ്യാര്‍ഥിനിയോട് വിവേചനം: കലക്ടര്‍ക്ക് നിവേദനം നല്‍കി ദലിത് സംയുക്തവേദി നേതാക്കള്‍

കോട്ടയം: എംജി സര്‍വകലാശാലയില്‍ കാലങ്ങളായി നടന്നുവരുന്ന വിവേചനങ്ങള്‍ക്കെതിരേ ദലിത് ഗവേഷക വിദ്യാര്‍ഥിനിയായ ദീപാ പി മോഹനന്‍ നടത്തിവരുന്ന നിരാഹാര സമരത്തില്‍ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദലിത് സംയുക്തവേദി നേതാക്കള്‍ കോട്ടയം ജില്ലാ കലക്ടറെ കണ്ടു. ഗവേഷക വിദ്യാര്‍ഥിനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കണമെന്നും ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും നേതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 29 മുതല്‍ എംജി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ ആരോഗ്യ സ്ഥിതി ഏറെ അപകടകരമായിരിക്കുന്നു.

ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരി ഒന്നിന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ഡോ. നന്ദകുമാറിനെ വകുപ്പ് ഡയറക്ടര്‍ പദവിയില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ചോദ്യം ചെയ്ത് ഡോ. നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ കേസ് കോടതി തള്ളുകയായിരുന്നു. ഇത് പരിഗണിക്കാതെ യാതൊരു ബന്ധവുമില്ലാത്ത ഒരു കേസിലെ വിധി നടപ്പാക്കുന്നുവെന്ന വ്യാജേനയാണ് 2017 ജൂലൈ 7 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം നന്ദകുമാറിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇത് നിയമവിരുദ്ധമായ നടപടിയാണ്.

അത് തിരുത്തി ഡോ. നന്ദകുമാറിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സര്‍വകലാശാല തയ്യാറാവണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ നേരിടേണ്ടിവരുന്ന വിവേചനങ്ങള്‍ക്കെതിരേ ഒരു ഗവേഷക വിദ്യാര്‍ഥി നടത്തിവരുന്ന ഈ സമരം വിജയകരമായി അവസാനിപ്പിക്കാന്‍ കേരളത്തിലെ ദലിത് സാമൂഹിക, സാംസ്‌കാരിക, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരുമായ തങ്ങള്‍ കേരളത്തിന്റെ പൊതു മനസ്സിന്റെ പിന്തുണ സമരത്തിന് ലഭ്യമാക്കാന്‍ വേണ്ട പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നാമൂഹിക, സാംസ്‌ക്കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുന്ന ഐക്യദാര്‍ഢ്യ സദസ് നവംബര്‍ 8 ന് രാവിലെ 10 മണിക്ക് സമരപ്പന്തലില്‍ നടത്തും. കെ സച്ചിദാനന്ദന്‍, ബി ആര്‍ പി ഭാസ്‌കര്‍, കെ ജി എസ്, ഡോ.ടി ടി ശ്രീകുമാര്‍, ഗീവര്‍ഗീസ് മാര്‍കുറി ലോസ് തുടങ്ങി ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ദീപയുടെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ദലിത് സംയുക്തവേദി നേതാക്കളായ പ്രൈസ് പി ടി (ഭീം ആര്‍മി), അഡ്വ. വി ആര്‍ രാജു (എകെസിഎച്ച്എംഎസ്), എ കെ സജീവ് (ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി), സി ആര്‍ നീലകണ്ഠന്‍, സി ജെ തങ്കച്ചന്‍ (ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ), ഐ ആര്‍ സദാനന്ദന്‍ (കെസിഎസ്), ഷിബു പാറക്കടവില്‍ (കെഎസ്ഡിഎസ്) എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വൈകീട്ട് മൂന്നുമണിക്ക് കലക്ടര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

Tags: