ഡീസലിന് കൂടിയ വില ഈടാക്കുന്നുവെന്ന് ;കെഎസ് ആര്‍ടിസിയുടെ ഹരജിയില്‍ ഇടക്കാല ഉത്തരിവില്ല;എണ്ണക്കമ്പനികളോട് വിശദീകരണം തേടി ഹൈക്കോടതി

കൂടിയ തുക നല്‍കി ഡീസല്‍ വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉയര്‍ന്ന വിലയീടാക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു ഹരജിയുമായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്

Update: 2022-03-22 07:16 GMT

കൊച്ചി: വന്‍കിട ഡീസല്‍ ഉപഭോക്താവാണെന്ന കാരണത്താല്‍ എണ്ണക്കമ്പനികള്‍ വിപണിവിലയേക്കാള്‍ കൂടിയ തുക ഡീസലിന് ഈടാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന കെഎസ്ആര്‍ടിയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.വില നിര്‍ണ്ണയ രീതിയുടെ മാനദണ്ഡം സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി എണ്ണക്കമ്പനിയോട് ആവശ്യപ്പെട്ടു.കൂടിയ തുക നല്‍കി ഡീസല്‍ വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉയര്‍ന്ന വിലയീടാക്കുന്നത് നിയമവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു ഹരജിയുമായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്.

ഹരജി പരിഗണിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് വേണമെന്ന് കെഎസ്ആര്‍ടിസിയുടെ ആവശ്യം നിരസിച്ചു.കൂടതുല്‍ തുക ഈടക്കുന്നത് സ്‌റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ നിലവില്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.വീണ്ടും വില വര്‍ധിപ്പിക്കുന്ന നടപടിയുണ്ടാകരുതെന്ന് എണ്ണകമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

വില നിര്‍ണയ രീതി സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എണ്ണകമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു.കൂടിയ വില ഈടാക്കുന്നത് യാതൊരു വിധത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്നും വലിയ നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി നിലവില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.കേസ് വീണ്ടും അടുത്ത മാസം നാലിന് പരിഗണിക്കാന്‍ മാറ്റി.

ഓയില്‍ കമ്പനികള്‍ കൂടിയ തുക ഈടാക്കുന്നതിനാല്‍ പ്രതിദിനം 83 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി ഇതുമൂലം കൂടുതല്‍ രൂക്ഷമാകുമെന്നും ഹരജിയില്‍ പറയുന്നു.കൊവിഡ് വ്യാപനത്തിന് മുമ്പ് 6241 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. അന്ന് പ്രതിദിനം 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇപ്പോള്‍ 5481 ബസുകളാണ് സര്‍വീസ് നടത്തുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 18 .41 ലക്ഷമായി കുറഞ്ഞെന്നും ഹരജിയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ക്ക് പ്രതിദിനം സര്‍വീസ് നടത്താന്‍ 300 400 കിലോ ലിറ്റര്‍ ഹൈസ്പീഡ് ഡീസല്‍ വേണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags: