മഹാരാഷ്ട്രയില്‍ 'മഹാനാടകം'; ഫഡ് നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി

Update: 2019-11-23 03:08 GMT

മുംബൈ: ഉദ്ദവ് താക്കറെയ്ക്കു മുഖ്യമന്ത്രി പദവി നല്‍കി ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി രാഷ്ട്രപതി ഭരണത്തിനുകീഴിലുള്ള മഹാരാഷ്ട്രയില്‍ ഇതു രണ്ടാംതവണയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ശനിയാഴ്ച രാവിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് സുസ്ഥിര സര്‍ക്കാരിനെ നല്‍കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം ഫഡ്‌നാവിസ് പറഞ്ഞു. തങ്ങളുടെ സഖ്യകക്ഷിയായ ശിവസേന ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചില്ലെന്നും സര്‍ക്കാര്‍ രൂപീകരണത്തിനു പിന്തുണ നല്‍കിയ എന്‍സിപിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്ന് ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായതായിരുന്നു. എന്‍സിപി നേതാവ് ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ മഹാവികാസ് അഖാഡി എന്ന പേരില്‍ സഖ്യം രൂപീകരിക്കാനും ധാരണയായിരുന്നു. ഇതിനിടെയാണ് പൊടുന്നനെ എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. ഫഡ്‌നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രിയും ട്വിറ്ററിലൂടെ അഭിനന്ദിച്ചു.



Tags:    

Similar News