തിരഞ്ഞെടുപ്പ്: ക്രിമിനല്‍ കേസുള്ളവര്‍ സാമൂഹികമാധ്യമങ്ങളില്‍ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണം

വിശദീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പാര്‍ട്ടികള്‍ പരാജയപ്പെടുകയോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കുകയോ ചെയ്താല്‍ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു

Update: 2020-02-13 06:36 GMT

ന്യൂഡല്‍ഹി: ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ക്രിമിനല്‍ കേസുള്ള വ്യക്തികള്‍ മല്‍സരിക്കുകയാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്റെ പൂര്‍ണവിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. അതത് രാഷ്ട്രീയപാര്‍ട്ടികളുടെ വെബ്‌സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതേക്കുറിച്ച് നിര്‍ബന്ധമായും വിശദീകരണം നല്‍കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്ന് 48 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, എന്തു കൊണ്ടാണ് അവരെ മല്‍സരിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളണ് പൊതുജനങ്ങള്‍ക്ക് അറിയുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കേണ്ടത്. മാത്രമല്ല, 72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ കൈമാറണം. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ക്രിമിനല്‍ സ്വഭാവമുള്ളവരെ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇത്തരത്തില്‍ വിശദീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പാര്‍ട്ടികള്‍ പരാജയപ്പെടുകയോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കുകയോ ചെയ്താല്‍ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

    ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഇടപെടല്‍. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും പാര്‍ട്ടി നേതൃപദവിയില്‍ നിന്നും വിലക്കാന്‍ ഉടന്‍ നിയമങ്ങള്‍ നടപ്പാക്കണമെന്ന് 2018 സപ്തംബറില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി ഉത്തരവ് അവഗണിച്ച് രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നത് തടയാന്‍ ഗൗരവമായ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ആരോപിച്ച് അശ്വിനി ഉപാധ്യായ കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എതിരേ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.


Tags:    

Similar News