ഡല്‍ഹി കലാപം: ഹര്‍ഷ് മന്ദറിനെതിരേ ഡല്‍ഹി പോലിസ് സുപ്രിംകോടതിയില്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ക്കു കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ ഹരജി നല്‍കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെയാണ് ഡല്‍ഹി പോലിസും സത്യവാങ്മൂലം നല്‍കിയത്.

Update: 2020-03-04 17:35 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ സുപ്രിംകോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെതിരേ ഡല്‍ഹി പോലിസ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സുപ്രിംകോടതിക്കും ജഡ്ജിമാര്‍ക്കുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നാണ് ഡല്‍ഹി പോലിസിന്റെ ആവശ്യം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ക്കു കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ ഹരജി നല്‍കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെയാണ് ഡല്‍ഹി പോലിസും സത്യവാങ്മൂലം നല്‍കിയത്.

    'ഹര്‍ഷ് മന്ദര്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് കണ്ടെന്നും അതില്‍ അക്രമത്തിന് പ്രേരണ നല്‍കുക മാത്രമല്ല, പരമോന്നത കോടിതയെ അവഹേളിക്കുകയും ചെയ്യുന്നതായാണ് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സുപ്രിംകോടതിക്കെതിരേ വലിയ ജനക്കൂട്ടത്തിനു മുന്നിലാണ് അപഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഡല്‍ഹി പോലിസിന്റെ ലീഗല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ സമര്‍പ്പിച്ച ആറ് പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 'വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കും. ജുഡീഷ്യറിയെ നിന്ദ്യമായ നിലപാട് സ്വീകരിക്കുന്ന സ്ഥാപനമായി കാണുകയും വ്യക്തിപരമായി ജഡ്ജിമാരെ ഹര്‍ഷ് മന്ദര്‍ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. നേരത്തേ, 2019 മെയ് മാസത്തില്‍ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ പൊതുതാല്‍പര്യ ഹരജി നല്‍കിയപ്പോള്‍ ഹര്‍ഷ് മന്ദറിനു കോടതി വിമര്‍ശിച്ചിരുന്നു. ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹരജി ചെലവ് സഹിതം തള്ളണമെന്നും അദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഡല്‍ഹി പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.




Tags: