ഡല്‍ഹി സാധാരണ നിലയിലേക്ക്; നിരോധനാജ്ഞയില്‍ ഇളവുകള്‍

ഡല്‍ഹിയില്‍ ഞായറാഴ്ച്ച പൊട്ടിപുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Update: 2020-02-29 01:15 GMT

ന്യൂഡല്‍ഹി: സംഘപരിവാര്‍ ആക്രമണവും കലാപവും മൂലം കലുഷിതമായ വടക്ക് കിഴക്കന്‍ ഡല്‍ഹി ശാന്തമാകുന്നു. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഇളവ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് പോലിസിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായി തുടര്‍ന്നാല്‍ ഒരാഴ്ചക്ക് ശേഷം സേനയെ പിന്‍വലിക്കാമെന്ന വിലയിരുത്തലുകളുണ്ട്. നിലവിലെ സ്ഥിതി തൃപ്തികരമെന്നാണ് ആഭ്യന്തര വകുപ്പിന്റെയും വിലയിരുത്തല്‍.

അതേസമയം, കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരേ നടപടിയില്ലാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഡല്‍ഹിയില്‍ അരങ്ങേറിയത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ആസൂത്രിത കലാപമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. കലാപം തുടങ്ങുന്നതിന് മുന്‍പ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ആയുധങ്ങള്‍ ശേഖരിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളും കലാപത്തിന് കാരണമായി.

ഡല്‍ഹിയില്‍ ഞായറാഴ്ച്ച പൊട്ടിപുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി ഉയര്‍ന്നു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

നിരോധനാജ്ഞയില്‍ ഇളവ് അനുവദിച്ചതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. അതിനിടെ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ കമ്മീഷറായി കഴിഞ്ഞ ദിവസം നിയമിച്ച എസ്എന്‍ ശ്രീവാസ്തവയെ കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണര്‍ അമൂല്യ പട്‌നായിക് നാളെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. അമൂല്യ പട്‌നായിക് കലാപം കൈകാര്യം ചെയ്ത രീതിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്.

Tags:    

Similar News