ഡല്‍ഹി കലാപം; പരാതി അന്വേഷിക്കുന്നത് വരെ റാഷിദിനെ അറസ്റ്റ ചെയ്യരുതെന്ന് ഡല്‍ഹി കോടതി

റാഷിദ് നല്‍കിയ പരാതി അന്വേഷിക്കുന്നതിനുപകരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് നീക്കം.

Update: 2021-04-03 14:27 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള കേസില്‍ മുസ്‌ലിം യുവാവിന് അറസ്റ്റില്‍നിന്നു സംരക്ഷണം നല്‍കി ഡല്‍ഹി ഹൈക്കോടതി. കലാപത്തിനിടെ ഹിന്ദുത്വര്‍ അഗ്നിക്കിരയാക്കി മദീന മസ്ജിദ് കമ്മിറ്റി അംഗം ഹാഷിം അലിയുടെ മകന്‍ റാഷിദിന്റെ അറസ്റ്റ് തടഞ്ഞാണ് കോടതി ഉത്തരവിട്ടത്. റാഷിദ് നല്‍കിയ പരാതി അന്വേഷിക്കുന്നതിനുപകരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് നീക്കം.

നരേഷ് ചന്ദ് എന്ന ആള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മദീന മസ്ജിദ് കമ്മിറ്റി അംഗം റാഷിദിന്റെ പിതാവ് ഹാഷിം അലിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കത്തിക്കല്‍, കവര്‍ച്ച എന്നിവ ആരോപിച്ചാണ് നരേഷ് ചന്ദ് ഹാഷിം അലിക്കെതിരേ പരാതി നല്‍കിയിരുന്നത്.

ജാമ്യം ലഭിച്ചതിനു പിന്നാലെ തന്റെ വീട് കത്തിച്ചതുമായി ബന്ധപ്പെട്ട് ഹാഷിം പരാതി നല്‍കി. ഈ പരാതി പ്രത്യേകമായി അന്വേഷിക്കുന്നതിനു പകരം ചാന്ദിന്റെ പരാതിയുമായി കൂട്ടിച്ചേര്‍ക്കുകയാണ് പോലിസ് ചെയ്തത്. കലാപത്തിനിടെ മദീന പള്ളി കത്തിച്ച 15 കലാപകാരികള്‍ക്കെതിരേ ഹാഷിം മറ്റൊരു പരാതിയും നല്‍കിയിരുന്നു.ഈ പരാതി നരേഷിന്റെ പരാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് പോലിസ് നേരത്തെ അവകാശപ്പെട്ടിരുന്നു, തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രത്യേക എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായും പ്രസ്താവിച്ചിരുന്നു.

തന്റെ വീട്ട് കത്തിച്ചതുമായി ബന്ധപ്പെട്ട് ഹാഷിമിന്റെ മകന്‍ റാഷിദ് ചാന്ദിന്റെ മകന്‍ ടിറ്റു എന്ന ഉമാകാന്തിനെതിരേ മറ്റൊരു പരാതി നല്‍കിയിരുന്നു. എന്നാല്‍ റാഷിദിന്റെ പിതാവിന്റെ വീട് കത്തിച്ചതിനു ഉത്തരവാദി ഹാഷിമും റാഷിദും തന്നെയാണെന്നായിരുന്നു ഉമാകാന്തിന്റെ മൊഴി.ഉമാകാന്തിന്റെ മൊഴി വിശ്വാസത്തിലെടുത്ത പോലിസ് റാഷിദിന്റെ പരാതിയില്‍ അന്വേഷണം നടത്താതെ അദ്ദേഹത്തിനെതിരേ കേസെടുക്കുകയായിരുന്നുവെന്ന് റാഷിദിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

വിഷയത്തില്‍ കാരവാല്‍ നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മറുപടി നല്‍കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവിന് പിന്നാലെ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് റാഷിദ്.

Tags:    

Similar News