ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം; ഉമര്‍ ഖാലിദിന് കുറ്റപത്രത്തിന്റെ ഇ കോപ്പി നല്‍കാന്‍ സമ്മതിച്ച് കോടതി

മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെതിരേ ചുമത്തിയ കുറ്റപത്രത്തിന്റെ ഇ കോപ്പി നല്‍കാന്‍ ഡല്‍ഹി കോടതി സമ്മതിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-01-06 05:33 GMT
ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം; ഉമര്‍ ഖാലിദിന് കുറ്റപത്രത്തിന്റെ ഇ കോപ്പി നല്‍കാന്‍ സമ്മതിച്ച് കോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെതിരേ ചുമത്തിയ കുറ്റപത്രത്തിന്റെ ഇ കോപ്പി നല്‍കാന്‍ ഡല്‍ഹി കോടതി സമ്മതിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

'ഒന്നര മാസത്തോളമായി, പക്ഷേ, തനിക്കെതിരായ ആരോപണങ്ങള്‍ എന്താണെന്ന് തനിക്കറിയില്ല, ഇത് ന്യായമായ വിചാരണയ്ക്കുള്ള തന്റെ അവകാശത്തിന് വിരുദ്ധമാണെന്നും ഖാലിദ് കോടതിയെ അറിയിച്ചു.

ഖാലിദിനെ കാണാന്‍ അരമണിക്കൂര്‍ മാത്രമേ ലഭിച്ചുള്ളൂവെന്നും കുറ്റപത്രം ആയിരക്കണക്കിന് പേജുകള്‍ വരുന്നതാണെന്നും ആക്ടിവിസ്റ്റിന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. അതേസമയം, യുഎപിഎ പ്രകാരം അറസ്റ്റിലായ ഖാലിദ്, ഷാര്‍ജീല്‍ ഇമാം, ആസിഫ് ഇക്ബാല്‍ തന്‍ഹ, ദേവംഗാന കലിത, നതാഷ നര്‍വാള്‍ എന്നിവരടക്കം മുഴുവന്‍ പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡി ജനുവരി 19 വരെ നീട്ടി.

എല്ലാ പ്രതികള്‍ക്കും കുറ്റപത്രത്തിന്റെ ഇകോപ്പി നല്‍കണമെന്ന് ഷര്‍ജീല്‍ ഇമാം ആവശ്യപ്പെട്ടു. 'കലാപം നടക്കുമ്പോള്‍ താന്‍ ജയിലിലായിരുന്നു, അവയില്‍ എനിക്ക് ഒരു പങ്കുമില്ല'- ഇമാം പറഞ്ഞു. രണ്ടു മാസമായി ജയിലില്‍ കഴിയുന്ന താന്‍ തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ചും റിപോര്‍ട്ടുകളെക്കുറിച്ചും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖാലിദിന്റെ അപേക്ഷയില്‍ ആശങ്കയില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് പറഞ്ഞു. കുറ്റപത്രത്തിന്റെ പകര്‍പ്പ് ജയില്‍ കമ്പ്യൂട്ടറില്‍ നല്‍കുമെന്നും പ്രവര്‍ത്തകന് അത് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News