ഡല്‍ഹി കലാപം: കൊല്ലപ്പെട്ട ഹിന്ദുത്വന് ധനസഹായം നല്‍കിയെന്ന് ലീഗ് പത്രം;വിവാദമായപ്പോള്‍ തിരുത്തുമായി കെഎംസിസി നേതാവ്

Update: 2020-03-05 09:35 GMT

ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം പോലിസിന്റെ സഹായത്തോടെ അഴിച്ചുവിട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹിന്ദുത്വവാദിയുടെ കുടുംബത്തിനു ധനസഹായം മുസ് ലിം ലീഗ് നല്‍കിയെന്ന പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്ത വിവാദമായപ്പോള്‍ തിരുത്തുമായി കെഎംസിസി നേതാവ് രംഗത്ത്.

    ഡല്‍ഹി കലാപത്തിലെ ഇരകളെ സഹായിക്കാന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ധനസഹായം നല്‍കിയവരുടെ കൂട്ടത്തിലാണ് രാഹുല്‍ സോളങ്കി എന്നയാളുടെ പേരുള്‍പ്പെട്ടത്. ഇക്കാര്യം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ അച്ചടിച്ചുവരികയും ചെയ്തിരുന്നു. എന്നാല്‍, രാഹുല്‍ സോളങ്കി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണെന്നും ആക്രമിക്കാനെത്തിയപ്പോഴാണ് കൊല്ലപ്പെട്ടതെന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയ ലീഗ് നടപടി തെറ്റാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമുയര്‍ന്നു. ലീഗ് നേതൃത്വത്തിന്റെ സംഘപരിവാര്‍ പ്രീണന നിലപാടില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ലീഗണികള്‍ തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതോടെ പ്രതിരോധത്തിലായ ലീഗ് നേതൃത്വം വിശദീകരണവുമായെത്തുകയായിരുന്നു. ഓള്‍ ഇന്ത്യാ കെഎംസിസി പ്രസിഡന്റ് എം കെ നൗഷാദ് യൂത്ത്‌ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയാമ് വിശദീകരണവുമായെത്തിയത്.

    രാഹുല്‍ സോളങ്കിയുടെ കുടുംബത്തിന് ധനസഹായം നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ വീട്ടുപരിസരത്തുള്ളവരില്‍ നിന്നു വിശദമായി വിവരങ്ങള്‍ തേടിയപ്പോള്‍ രാഹുല്‍ സോളങ്കിയുടെ പിതാവ് ബജ്‌റങ് ദളില്‍ അംഗത്വമുള്ളയാളാണെന്ന് മനസ്സിലായതിനാല്‍ ചെക്ക് നല്‍കാതെ തിരിച്ചുവരികയാണെന്നുമായിരുന്നു എം കെ നൗഷാദ് വ്യക്തമാക്കിയത്. മാത്രമല്ല കലാപങ്ങളുടെ നടുവില്‍ അവരില്‍പെട്ടവര്‍ തന്നെയാണ് സോളങ്കിയെ വക വരുത്തിയതെന്ന് അറിയാന്‍ സാധിച്ചതായും വിശദീകരിക്കുന്നുണ്ട്. അതേസമയം, പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയ്ക്കു തെറ്റുപറ്റിയതാണെന്നു ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹിന്ദുത്വവാദിയുടെ കുടുംബത്തിന് ധനസഹായം നല്‍കുകയും അത് വിവാദമായപ്പോള്‍ മലക്കംമറിഞ്ഞതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.



Tags: