ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമം: മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച താഹിര്‍ ഹുസൈന്റെ കുറ്റസമ്മത മൊഴി തള്ളി ഡല്‍ഹി പോലിസ്

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമത്തിനു പിന്നിലെ 'മുഖ്യ ആസൂത്രകന്‍' താനാണെന്നും 'ഹിന്ദുക്കളെ പാഠം പഠിപ്പിക്കുന്നതിനാ'ണ് താന്‍ അങ്ങനെ ചെയ്തതെന്നും എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ കുറ്റസമ്മതം നടത്തിയെന്നായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

Update: 2020-09-03 16:57 GMT

ന്യൂഡല്‍ഹി: എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ 'കുറ്റസമ്മത മൊഴി' നിഷേധിച്ച് ഡല്‍ഹി പോലിസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമത്തിനു പിന്നിലെ 'മുഖ്യ ആസൂത്രകന്‍' താനാണെന്നും 'ഹിന്ദുക്കളെ പാഠം പഠിപ്പിക്കുന്നതിനാ'ണ് താന്‍ അങ്ങനെ ചെയ്തതെന്നും എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ കുറ്റസമ്മതം നടത്തിയതായി ഒരു വിഭാഗം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് ഡല്‍ഹി പോലിസ്.

യുനിഫൈഡ് പീപ്പിള്‍സ് മൂവ്‌മെന്റ് ചെയര്‍മാനും ആക്റ്റീവിസ്റ്റുമായ നിലീം ദത്ത വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിന് 'സിആര്‍പിസി സെക്ഷന്‍ 164' പ്രകാരം താഹിര്‍ ഹുസൈന്റെ ഒരു കുറ്റസമ്മതവും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് പോലിസ് മറുപടിയായി നല്‍കിയിട്ടുള്ളത്.



ഡല്‍ഹി കലാപം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തതായി ഹുസൈന്‍ എന്തെങ്കിലും കുറ്റസമ്മതം നടത്തിയോ എന്നും ഉണ്ടെങ്കില്‍ ഏത് മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ എപ്പോള്‍ നടത്തിയെന്നുമാണ് ദത്ത വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്. ദി പ്രിന്റ്, എന്‍ഡിടിവി, സീ ന്യൂസ്, ന്യൂസ് ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എഎന്‍ഐ)എന്നിവ താഹിര്‍ ഹുസൈന്റെ കുറ്റസമ്മത വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ചാണ് തങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതെന്ന് എഎന്‍ഐയും പ്രിന്റും അവകാശപ്പെട്ടപ്പോള്‍ ഡല്‍ഹി പോലിസിനെ ഉദ്ധരിച്ചായിരുന്നു സീ ന്യൂസ് ഈ 'കുറ്റസമ്മത മൊഴി' പ്രസിദ്ധീകരിച്ചത്.

കലാപം ആസൂത്രണം ചെയ്യുന്നതിനായി ഫെബ്രുവരി 4ന് അബു ഫസല്‍ എന്‍ക്ലേവില്‍വച്ച് സൈഫിയുമായി കൂടിക്കാഴ്ച നടത്തുകയും കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനായി യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കലാപ പദ്ധതി നടപ്പാക്കണമെന്ന് സൈഫി അറിയിച്ചതായും താഹിര്‍ കുറ്റസമ്മതം നടത്തിയെന്നായിരുന്നു സീ ന്യൂസ് റിപോര്‍ട്ട്.


സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെയുള്ള കുറ്റസമ്മതം മാത്രമേ കോടതിയില്‍ തെളിവായി അംഗീകരിക്കാനാവൂ. ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് താഹിര്‍ ഹുസൈന്‍ ഒന്നും സമ്മതിച്ചിട്ടില്ലെന്ന് താഹിര്‍ ഹുസൈന്റെ അഭിഭാഷകന്‍ ജാവേദ് അലി നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ബിജെപി നേതാവ് കപില്‍മിശ്ര നടത്തിയ പ്രകോപനപരമായ പരാമര്‍ശമാണ് ഡല്‍ഹി കലാപത്തിന് ഊര്‍ജ്ജമായതെന്ന് പരക്കെ അംഗീകരിക്കപ്പെടുകയും ഹിന്ദുത്വ അക്രമി സംഘത്തിന് പോലിസ് ഒത്താശ ചെയ്തതായും തെളിവ് സഹിതം പുറത്തുവന്നിരുന്നു.

Tags:    

Similar News