ഡല്‍ഹിയില്‍ 90 തടവുകാര്‍ക്കും 80 ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ്

കേസുകള്‍ കൂടുതല്‍ വ്യാപിക്കുന്നതു തടയാന്‍ ജയില്‍ ഡിസ്‌പെന്‍സറികളെ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. രോഗികള്‍ക്കായി തിഹാര്‍ ജയിലില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും.

Update: 2022-01-17 11:45 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജയിലുകളിലെ 90 തടവുകാര്‍ക്കും 80 ജയില്‍ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിൽസിക്കുന്നതിനായി ഡല്‍ഹി ജയില്‍ വകുപ്പ് ജയിലുകളില്‍ 50-100 കിടക്കകളുള്ള മെഡിക്കല്‍ സെന്ററുകള്‍ സജ്ജീകരിച്ചു.

ഡിസംബര്‍ മുതല്‍ ജനുവരി 15 വരെ 99 തടവുകാര്‍ക്കും 88 ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തിഹാര്‍, രോഹിണി, മണ്ടോലി ജയിലുകളിലാണ് ഇത്രയും കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഗികളെ നിരീക്ഷിച്ചുവരികയാണെന്നും ഗുരുതരമായ കേസുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഡല്‍ഹി ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു. രോഗബാധിതരെ ജയില്‍ ഡോക്ടര്‍മാര്‍ പരിചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസുകള്‍ കൂടുതല്‍ വ്യാപിക്കുന്നതു തടയാന്‍ ജയില്‍ ഡിസ്‌പെന്‍സറികളെ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. രോഗികള്‍ക്കായി തിഹാര്‍ ജയിലില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും.

രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ രോഗലക്ഷണങ്ങളാണുള്ളത്. ഇവരെ ജയില്‍ സമുച്ചയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷന്‍ സെല്ലുകളിലേക്കു മാറ്റി. രോഗലക്ഷണമില്ലാത്ത രോഗികള്‍ മറ്റു സെല്ലുകളിലാണ്.

തിഹാറില്‍, കൊവിഡ് ചികിൽസയ്ക്കു മാത്രമായി 120 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കി. മണ്ഡോലി, രോഹിണി ജയിലുകളില്‍ 40-50 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ചു.

തടവുകാര്‍ക്കാപ്പം ജീവനക്കാരെയും സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കൊവിഡ് പിടിപ്പെട്ട മറ്റു ഗുരുതര രോഗങ്ങളുള്ളവരെ നിരീക്ഷിക്കാന്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. തടവുകാരെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിക്കുന്നതും ജയിലിനു പുറത്തുള്ള മറ്റു പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.

ഡൽഹിയിൽ ഇന്നലെ 18,286 കോവിഡ് കേസുകളും 28 മരണങ്ങളുമാണ് റിപോർട്ട് ചെയ്തത്. 27.87 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, നാല് ദിവസമായി ഡൽഹിയിൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടില്ല.

Similar News