ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും രാജിവച്ചു

Update: 2023-02-28 15:20 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്‌നും രാജിവച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇരുവരുടേയും രാജി സ്വീകരിച്ചു. രാജിക്കത്ത് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസിന് കൈമാറും. തുടര്‍ന്ന് രാഷ്ട്രപതിയുടെ അനുമതിക്കായി അത് രാഷ്ട്രപതി ഭവനിലേക്ക് അയയ്ക്കും. മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് രാജി.

മദ്യനയ കേസില്‍ അറസ്റ്റിലായ സിസോദിയ സിബിഐ കസ്റ്റഡിയിലാണ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ക്ഷം മെയ് 30 ന് അറസ്റ്റ് ചെയ്ത സത്യേന്ദര്‍ ജയ്ന്‍ 10 മാസമായി ജയിലിലാണ്. സത്യേന്ദര്‍ ജയ്ന്‍ ജയിലായതിനു പിന്നാലെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആരോഗ്യവകുപ്പ് ഉള്‍പ്പെടെ 18 മന്ത്രാലയങ്ങളുടെ ചുമതല സിസോദിയ വഹിച്ചുവരികയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യനയ കേസില്‍ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാജി. നിലവില്‍ കെജ്‌രിവാള്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരാണ് ഇപ്പോള്‍ ഡല്‍ഹി മന്ത്രിസഭയിലുള്ളത്. മദ്യനയക്കേകസില്‍ സിബിഐ അറസ്റ്റ് ചെയ്തതു ചോദ്യം ചെയ്ത് മനീഷ് സിസോദിയ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിസോദിയ പിന്നീട് ഹരജി പിന്‍വലിച്ചിരുന്നു.

Tags:    

Similar News