രാജ്യദ്രോഹക്കുറ്റം: ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

അതേസമയം, ഷെഹ്‌ലക്കെതിരെ ഇന്ത്യന്‍ സൈന്യം പരാതി നല്‍കിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കശ്മീരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്‌ല റാഷിദ് പ്രതികരിച്ചത്.

Update: 2019-09-10 06:25 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ കശ്മീര്‍ രാഷ്ട്രീയ പ്രവര്‍ത്തക ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് തടഞ്ഞ് ദില്ലി പാട്യാല ഹൗസ് കോടതി. അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കുന്നതാണ് കോടതി ഉത്തരവ്.

കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കരുതുന്നതെന്ന് ദില്ലി പാട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ പറഞ്ഞു. കേസ് നവംബര്‍ അഞ്ചിന് വീണ്ടും പരിഗണനയ്ക്ക് എടുക്കും. അതുവരെ ഷെഹ്‌ലയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവില്‍ പറുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യന്‍ സൈന്യത്തിന് അപകീര്‍ത്തിപ്പെടുത്തിയെന്ന സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്.

അതേസമയം, ഷെഹ്‌ലക്കെതിരെ ഇന്ത്യന്‍ സൈന്യം പരാതി നല്‍കിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കശ്മീരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്‌ല റാഷിദ് പ്രതികരിച്ചത്. തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരതമാണെന്നും തന്നെ നിശബ്ദമാക്കാനുള്ള ദയനീയ ശ്രമമാണെന്നും ഷെഹ്‌ല റാഷിദ് ട്വീറ്റ് ചെയ്തിരുന്നു.

Tags: