ഇസ്രായേല്‍ എംബസി സ്‌ഫോടനക്കേസ്: നാലു കശ്മീരി വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

Update: 2021-07-15 19:41 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നാലു കശ്മീരി വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ലഡാക്കിലെ കാര്‍ഗിലില്‍ നിന്ന് അറസ്റ്റ് ചെയ്ത നസീര്‍ ഹുസയ്ന്‍(25), സുല്‍ഫിക്കര്‍ അലി വസീര്‍ (25), അയാസ് ഹുസയ്ന്‍ (28), മുസമ്മില്‍ ഹുസയ്ന്‍ (25) എന്നിവര്‍ക്കാണ് പട്യാല ഹൗസ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മജാമ്യം അനുവദിച്ചത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ വര്‍ഷം ജനുവരി 29നാണ് ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് പുറത്ത് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജമ്മു കശ്മീരില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്ലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ന്യൂഡല്‍ഹിയിലെ ഡോ. എ പി ജെ അബ്ദുല്‍ കലാം റോഡിലെ എംബസിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ ജനല്‍ച്ചില്ലുകളാണ് സ്‌ഫോടനടത്തില്‍ തകര്‍ന്നത്.

    സ്‌ഫോടനത്തിന് അമോണിയം നൈട്രേറ്റ് ഉപയോഗിച്ചെന്നും വന്‍ ഗൂഢാലോചന യുടെ പരീക്ഷണമായിരിക്കാമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചത്. സ്‌ഫോടനത്തിന് ഏതാണ്ട് അഞ്ച് മാസത്തിന് ശേഷം, സ്‌ഫോടനത്തിന് മുമ്പ് എംബസിക്ക് സമീപമെത്തിയവരെന്നു പറഞ്ഞ് രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിരുന്നു. ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയും 10 ലക്ഷം പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇസ്രായേല്‍ എംബസിക്ക് പുറത്ത് നടന്ന സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക്ക അഭിപ്രായപ്പെട്ടത്. സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തില്‍ ന്യൂഡല്‍ഹിയും ടെല്‍ അവീവും തമ്മില്‍ പൂര്‍ണ സഹകരണമുണ്ടെന്ന് അറിയിച്ചിരുന്നു.

Delhi Court grants bail to 4 people in Israeli embassy blast case

Tags: