മുസ് ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഹിന്ദുത്വര്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ച സംഭവം: ഡല്‍ഹി വനിതാ കമ്മീഷന്‍ നോട്ടിസ് നല്‍കി

Update: 2021-07-08 05:31 GMT

ന്യൂഡല്‍ഹി: മുസ് ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഹിന്ദുത്വര്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പോലിസിന് നോട്ടിസ് അയച്ചു. ഇന്നത്തെ ഡീല്‍ എന്ന അടിക്കുറിപ്പോടെയാണ് ഹിന്ദുത്വ പ്രൊഫൈലുകള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ജൂലൈ നാലിനാണ് ഗിറ്റ് ഹബ് വഴി സംഘം നൂറുകണക്കിന് മുസ് ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

നിരവധി പേര്‍ ഇത് 'ഇന്നത്തെ ഇടപാട്' എന്ന പേരില്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കിടാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതോടെ ഗിറ്റ് ഹബ് ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു.

ഇക്കാര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പും പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തതിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മാലിവാള്‍ നോട്ടീസില്‍ അറിയിച്ചു. വിശദാംശങ്ങള്‍ നല്‍കാന്‍ മാലിവാള്‍ പോലിസിന് ഒരാഴ്ച സമയം നല്‍കി.

നേരത്തെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഈ വിഷയത്തില്‍ ആശങ്ക അറിയിച്ചിരുന്നു. 'ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള വനിതാ പത്രപ്രവര്‍ത്തകരുടെയും മറ്റ് പ്രഫഷണലുകളുടെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റുചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് അപലപനീയമാണെന്നും ചിത്രങ്ങള്‍ ലേലത്തിന് വച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

Tags:    

Similar News